ലോക ബാങ്ക് സഹായത്തോടെ ഇരിട്ടി നഗരസഭയിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്;പ്രാഥമിക നടപടി തുടങ്ങി

ലോക ബാങ്ക് സഹായത്തോടെ ഇരിട്ടി നഗരസഭയിൽ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്;പ്രാഥമിക നടപടി തുടങ്ങി


ഇരിട്ടി:  ലോക ബാങ്കിന്റെയും ഏഷ്യൻ  ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെയും  സാമ്പത്തിക സഹായത്തോടെ  ഇരിട്ടി നഗരസഭയിൽ നടപ്പിലാക്കുന്ന ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ നടപടികൾക്ക് തുടക്കമായി.   നഗരസഭയുടെ നിലവിലുള്ള  മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ   പോരായ്മകൾ   കണ്ടെത്തി അവ ഇല്ലാതാക്കുന്നതിനുള്ള  പദ്ധതികളും പ്ലാന്റിന്റെ പ്രവർത്തനം  മെച്ചപ്പെടുത്തുന്നതിനുമുളള കർമ്മ പദ്ധതി ഉണ്ടാക്കുന്നതിനുമുള്ള ആലോചനാ യോഗം ചേർന്നു.
   നഗരസഭാ തലത്തിൽ ഖരമാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന് പുതിയ പദ്ധതികൾ ഉണ്ടാക്കുന്നതിനായി ആശയങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സംയോജിപ്പിച്ചു കൊണ്ട്  അടുത്ത അഞ്ചു  വർഷത്തേക്കുള്ള സോളിഡ് വേസ്റ്റ്  മാനേജ്മന്റ് പ്ലാൻ തയ്യാറാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, നഗരസഭാ  ഉദ്യോഗസ്ഥർ , ഹരിതകർമ സേന  പ്രതിനിധികൾ, മാലിന്യ സംസ്‌കരണ മേഖലയിലെ  സേവനദാതാക്കൾ, എൻ ജി ഒ പ്രതിനിധികൾ, വിഷയ വിദഗ്ധർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സോഷ്യൽ ഓഡിറ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ  എന്നിവരുടെ പങ്കാളിത്തവും ഉണ്ടായി. നാല്  ഗ്രൂപ്പുകളായി  തിരിഞ്ഞു  വിഷയാടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങി.
     നഗരസഭ വൈസ് ചെയർമാൻ പി. പി.  ഉസ്മാൻ ഉദ്ഘാടനം ചെയ്തു.  ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ  കെ. സോയ   അധ്യക്ഷത നിർവഹിച്ചു .  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. കെ. രവീന്ദ്രൻ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നമിത,  പൊതുമരാമത്തു  സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  കെ. സുരേഷ്, നഗരസഭാ അംഗങ്ങളായ എൻ. കെ. ഇന്ദുമതി, എ.കെ. ഷൈജു, പി. സീനത്ത്, സമീർ പുന്നാട്  നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ എന്നിവർ സംസാരിച്ചു.