തിരുവനന്തപുരത്ത് മാപ്പ് പറയിക്കാൻ യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാസംഘം ; ദൃശ്യങ്ങൾ പുറത്ത്


തിരുവനന്തപുരത്ത് മാപ്പ് പറയിക്കാൻ യുവാവിനെ കാലില്‍ ചുംബിപ്പിച്ച് ഗൂണ്ടാസംഘം ; ദൃശ്യങ്ങൾ പുറത്ത്


തിരുവനന്തപുരം: യുവാവിനെ കൊണ്ട് കാലിൽ ചുംബിച്ച് ഗുണ്ടാസംഘത്തിന്റെ അക്രമണം. തുമ്പയ്ക്കടുത്ത് കരിമണലിലായിരുന്നു സംഭവം. അക്രമത്തിന്റെ ദൃശ്യങ്ങൾ ഗുണ്ടാസംഘങ്ങൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയായ ഡാനിയും കൂട്ടരും ചേർന്നാണ് യുവാവിനെ കൊണ്ട് കാലുപിടിപ്പിക്കുകയും ചുംബിപ്പിക്കുകയും ചെയ്തത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാഴ്ച മുൻപാണ് സംഭവം.


നേരത്തെ ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായി, ബൈക്കിൽ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപം വച്ച് മർദിച്ചു. തുടർന്ന് യുവാവിന്റെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. താൻ പറയുന്ന സ്ഥലത്തു വന്നാൽ ഫോൺ തരാമെന്ന് ഡാനി പറഞ്ഞു. യുവാവ് ബൈക്കിൽ തുമ്പയ്ക്കു സമീപം കരിമണലിൽ രാത്രിയിൽ എത്തിയപ്പോഴാണ് അക്രമണം. പിന്നാലെ കുപ്രസിദ്ധ ഗുണ്ട എയർപോർട് സാജന്റെ മകനായ ഡാനിയാണ് യുവാവിനെ തടഞ്ഞു നിർത്തിയത്. ആദ്യം ആക്രമണത്തിനാണു പദ്ധതിയിട്ടത്. എന്നാൽ പിന്നീടാണ് കാലുപിടിക്കൽ ചടങ്ങിലേക്ക് മാറിയത്.

സംഘങ്ങൾക്ക് ഒത്താശ നൽകുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഭരണകക്ഷിയിൽ വളരെ സ്വാധീനമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ഗൂണ്ടാ സംഘങ്ങൾക്ക് ഒത്താശ നൽകുന്നെന്ന ആരോപണവും ശക്തമായി.