ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ഇനി ട്രെയ്നിൽ പോകാം; 2026 ഓടെ റെയിൽപാത പൂർത്തിയായേക്കും

ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ഇനി ട്രെയ്നിൽ പോകാം; 2026 ഓടെ റെയിൽപാത പൂർത്തിയായേക്കും


ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനായി 120 ബില്യൺ ഡോളർ അനുവദിച്ച് കേന്ദ്രം. ഇതോടെ ഭൂട്ടാൻ- ഇന്ത്യ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകും. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ സർപാംഗിലെ ഗെലെഫുവിമായി മറ്റു തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്ന വിധത്തിൽ 57.5 കിലോമീറ്റർ നീളമുള്ള റെയിൽവേ പാതയാണ് ഒരുക്കുക. 2026- ഓടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ത്യയെയും ഭൂട്ടാനെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാതയെ കുറിച്ച് സൂചന നൽകിയിരുന്നു.

കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ഈ പാത നിർണായകമായി മാറും എന്നും പുതിയ സാമ്പത്തിക സാധ്യതകൾ പുനക്രമീകരിക്കുമെന്നും വിലയിരുത്തുന്നുണ്ട്. ഭൂട്ടാനും അസമും തമ്മിലുള്ള റെയിൽ പാതയെ സംബന്ധിച്ചുള്ള ചർച്ചകളും ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരത്തിനായി കൂടുതൽ വഴികൾ തുറക്കാൻ ഭൂട്ടാൻ താൽപ്പര്യപ്പെടുന്നുവെന്നും ഈ ശ്രമം അസമിന് കാര്യമായ നേട്ടമുണ്ടാക്കുമെന്നും എസ് ജയശങ്കർ പറഞ്ഞു. അതോടൊപ്പം അസം അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗെലെഫുവിനും കൊക്രജാറിനും ഇടയിലുള്ള ഈ പാത വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



ഇരു രാജ്യങ്ങളുടെയും ചരക്കുകളുടെ കയറ്റുമതി സുഗമമാക്കുന്നതിന് ഈ ട്രെയിൻ സർവീസ് ഒരു വഴിത്തിരിവായി മാറുകയും സാംസ്കാരിക വിനിമയം സാധ്യമാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും. 2018-ൽ ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദർശന വേളയിലാണ് ഈ റെയിൽവേ ശൃംഖലയ്ക്ക് അടിത്തറ പാകിയത്. ഗെലെഫു- കൊക്രജാർ റെയിവേ പാത നിർമ്മാണം ആരംഭിക്കുന്നതിലോടെ സാംത്സെ, ഫ്യൂൻഷോലിംഗ് , എൻഗംഗ്ലാം, സംദ്രുപ്ജോങ്കർ പോലുള്ള മേഖലകൾ ഉൾപ്പെടെ ഇരു രാജ്യങ്ങളുടെയും തെക്ക്, കിഴക്കൻ മേഖലകളിൽ കൂടുതൽ റെയിൽവേ പദ്ധതികൾക്കും ഇത് വഴി തുറക്കുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം ഭൂട്ടാനും ഇന്ത്യയും തമ്മിൽ റെയിൽവേ ശൃംഖലയുമായി ബന്ധപ്പെട്ട് 2005-ൽ ഔപചാരികമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതാണെങ്കിലും ദീർഘകാലത്തെ ചർച്ചകൾക്കൊടുവിൽ സമീപകാലത്താണ് ഈ പദ്ധതിക്ക് അന്തിമരൂപമായത്. ഭൂട്ടാൻ ഇന്ത്യയുമായി 605 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. അതിനാൽ ഈ പാത പൂർത്തീകരിക്കുന്നതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി കൂടിയായായി മാറും ഭൂട്ടാൻ. ഈ റെയിൽവേ പദ്ധതി ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക വികസനത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നതിനും സജ്ജമാണ്.