നോവായി മോറൊക്കോ; ഭൂകമ്പത്തിൽ മരണസംഖ്യ 2,862 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു


നോവായി മോറൊക്കോ; ഭൂകമ്പത്തിൽ മരണസംഖ്യ 2,862 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

 
മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഉറ്റവരും പാർപ്പിടങ്ങളും നഷ്ട്ടപ്പെട്ട പതിനായിരങ്ങൾ ഭക്ഷണവും വെള്ളവും ഇല്ലാതെ തെരുവുകളിൽ കഴിയുകയാണ്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും അറ്റ്‌ലസ് പർവത താഴ്വരയിലെ തകർന്നടിഞ്ഞ ഗ്രാമങ്ങളിൽ അകപ്പെട്ടുപോയവരെ ജീവനോടെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. ‘ദുരന്തത്തിനിരയായ മേഖലകളിലെ അടിയന്തര ആവശ്യം എന്താണെന്നു നോക്കിയാണ് രക്ഷ പ്രവർത്തനം നടത്തുന്നത്. ഏകോപനമില്ലാത്ത പ്രവർത്തനം ദുരന്ത വ്യാപ്തി കൂട്ടുമെന്ന തിരിച്ചറിവിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്’- ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 8 ന് രാത്രി 11 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോർട്ടുകളിൽ പറയുന്നു.

മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. പല ഗ്രാമങ്ങളും ഇല്ലാതായി. അതേസമയം ഇന്ത്യ, സ്പെയിന്‍, ഖത്തര്‍, യുഎഇ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.