കൊച്ചിയില്‍നിന്നു കാണാതായ യുവാവ്‌ ഗോവയില്‍ കൊല്ലപ്പെട്ടതായി പോലീസ്‌

കൊച്ചിയില്‍നിന്നു കാണാതായ യുവാവ്‌ ഗോവയില്‍ കൊല്ലപ്പെട്ടതായി പോലീസ്‌


കൊച്ചി: രണ്ടുവര്‍ഷം മുമ്പു കാണാതായ എറണാകുളം പെരുമാനൂര്‍ സ്വദേശി ജെഫ്‌ ലൂയീസ്‌ ജോണിനെ (27 സുഹൃത്തുക്കള്‍ ഗോവയില്‍വച്ചു കൊന്ന്‌ വിജനമായ സ്‌ഥലത്തു തള്ളിയതായി കൊച്ചി സിറ്റി പോലീസ്‌ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചാക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന്‍ സ്‌റ്റെഫിന്‍ തോമസ്‌ (24), വയനാട്‌ വൈത്തിരി പാരാലിക്കുന്ന്‌ വീട്ടില്‍ വിഷ്‌ണു ടി.വി (25) എന്നിവരെ സിറ്റി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ലഹരിക്കേസ്‌ പ്രതിയില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന്‌ ജെഫിന്റെ മൊബൈല്‍ സി.ഡി.ആറും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അനേ്വഷണമാണ്‌ പ്രതികളിലേക്കെത്തിച്ചത്‌.
പുതിയ ബിസിനസ്‌ ആരംഭിക്കാമെന്നു പറഞ്ഞ്‌ ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച്‌ ആളൊഴിഞ്ഞ കുന്നിന്‍ചരുവില്‍ വച്ച്‌ കല്ലുകൊണ്ടു തലയ്‌ക്കടിച്ചും കത്തികൊണ്ട്‌ കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന്‌ അനേ്വഷിച്ചു വരികയാണെന്നും മൂവരും കുറ്റം സമ്മതിച്ചെന്നും പോലീസ്‌ പറഞ്ഞു. ജെഫിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ സ്‌ഥലത്ത്‌ ഉപേക്ഷിക്കുകയായിരുന്നെന്നാണ്‌ പ്രതികളുടെ കുറ്റസമ്മത മൊഴി.
ഗോവയിലേക്കു പോയ ജെഫിനെ 2021 നവംബറിലാണു കാണാതായത്‌. ആഴ്‌ചകള്‍ പിന്നിട്ടിട്ടും മകനെക്കുറിച്ചു വിവരമില്ലാതിരുന്നപ്പോള്‍ മാതാവ്‌ ഗ്ലാഡിസ്‌ ലൂയീസ്‌ സൗത്ത്‌ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ജെഫിനെ കണ്ടെത്താന്‍ പോലീസിനായില്ല. പിന്നീട്‌ അനേ്വഷണം നിലച്ചെങ്കിലും മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്ലാഡിസ്‌.
2021 നവംബറില്‍ത്തന്നെയാണു കൊലപാതകം നടന്നത്‌. എം.ബി.എ. ബിരുദം പൂര്‍ത്തിയാക്കാത്ത ജെഫ്‌ ലഹരിമരുന്നിന്‌ അടിമയായിരുന്നു. ഇങ്ങനെയാണ്‌ അനില്‍ ചാക്കോയും സ്‌റ്റൈഫിനുമായി സൗഹൃദത്തിലായത്‌. ഗോവയിലടക്കം ഇവര്‍ ഒന്നിച്ചു താമസിച്ചിരുന്നു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. തുടര്‍നടപടികള്‍ക്കായി സൗത്ത്‌ സി.ഐ. ഫൈസലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണസംഘം ഇന്നു ഗോവയിലേക്കു തിരിക്കും. കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ അക്‌ബറിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ്‌ കമ്മിഷണര്‍ എസ്‌. ശശിധരന്റെ മേല്‍നോട്ടത്തില്‍ എറണാകുളം അസി. കമ്മിഷണര്‍ പി. രാജ്‌കുമാര്‍, എറണാകുളം ടൗണ്‍ സൗത്ത്‌ എസ്‌.എച്ച്‌.ഒ. ഫൈസല്‍ എം.എസ്‌, ക്രൈംബ്രാഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി. ഗോപകുമാര്‍, കൊച്ചി സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എസ്‌.ഐ. രാമു ബാലചന്ദ്രബോസ്‌, എസ്‌.ഐമാരായ ശരത്‌ സി, ഉണ്ണികൃഷണന്‍ കെ.വി, അനസ്‌ വി.എം, ജോസി, അനില്‍ കുമാര്‍ സി, എ.എസ്‌.ഐമാരായ അനില്‍കുമാര്‍, രാജേഷ്‌ കുമാര്‍, എസ്‌.സി.പി.ഒ സനീബ്‌, സി.പി.ഒമാരായ അരുണ്‍, അഖില്‍, സിനീഷ്‌, ബിബിന്‍ എന്നിവരടങ്ങിയ പ്രത്യേക അനേ്വഷണസംഘമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.
എന്‍.ഡി.പി.എസ്‌, അബ്‌കാരി, നരഹത്യാശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍പെട്ടിട്ടുള്ള കേസിലെ ഒന്നാം പ്രതി അനില്‍ ആന്റണി കോട്ടയത്ത്‌ കാപ്പ പ്രകാരമുള്ള നിയമനടപടികള്‍ നേരിടുന്നയാളാണ്‌. മൂന്നാം പ്രതി സെ്‌റ്റഫിന്‍ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്‌.