ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയ്ക്ക് ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധം; ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ


ആധാർ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയ്ക്ക് ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധം; ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിൽ


ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതുസംബന്ധിച്ച ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിവാഹ രജിസ്‌ട്രേഷന്‍ എന്നിവയ്‌ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയാല്‍ മതി. ജനനമരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം 2023-ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് അനുമതി ലഭിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഓഗസ്റ്റ് 11-നാണ് ഇതില്‍ ഒപ്പുവെച്ചത്.

വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, വിവാഹ രജിസ്‌ട്രേഷന്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, അല്ലെങ്കില്‍ പ്രാദേശിക സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് രേഖയായി നല്‍കിയാല്‍ മതി.

രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉറപ്പാക്കും. ദത്തെടുക്കപ്പെട്ട, അനാഥ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ താത്ക്കാലികമായി കൂടെക്കഴിയുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിയമനിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിനുകീഴില്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കുന്നു.

ഏതെങ്കിലും വിധത്തിലുള്ള ദുരന്തമോ പകര്‍ച്ചവ്യാധികളോ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന മരണങ്ങള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സര്‍ട്ടിഫിക്കറ്റുകല്‍ നല്‍കുന്നതിനും പ്രത്യേക സബ് രജിസ്റ്റര്‍മാരെ നിയമിക്കുന്നതും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. രജിസ്ട്രാറുടെയോ ജില്ലാ രജിസ്ട്രാഖുടെയോ ഏതെങ്കിലും നടപടിയോ ഉത്തരവോ മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.