ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.29നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ പറഞ്ഞു. ഭൂനിരപ്പില്‍നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ബംഗാള്‍ ഉള്‍ക്കടലിലുണ്ടായത്. ഭൂമിയില്‍നിന്ന് അകലെയായതിനാലും തീവ്രതകുറവായതിനാലും മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഭൂകമ്പങ്ങളെക്കുറിച്ചും ഭൂകമ്പ സാധ്യാത മേഖലകളെക്കുറിച്ചുമെല്ലാം നിരീക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി. ഭൂകമ്പനിരീക്ഷണത്തിനായി രാജ്യത്താകെ വിവിധയിടങ്ങളിലായി 155 സ്റ്റേഷനുകളാണ് എന്‍സിഎസിനുള്ളത്. കഴിഞ്ഞ ജൂണില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ദില്ലി, ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പമുണ്ടായാല്‍ എന്തുചെയ്യണം?
-സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയാണ് ആദ്യം ചെയ്യേണ്ടത്. കെട്ടിടങ്ങളുടെ അടുത്തുനിന്നും എത്രയും വേഗം മാറി തുറസായ ഇടങ്ങളില്‍ സുരക്ഷിതമായി നില്‍ക്കണം.
-വീട്ടിനുള്ളില്‍നിന്ന് പുറത്ത് സുരക്ഷിതമായ സ്ഥാനത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കട്ടിലിന്‍റെയോ മേശയുടെയോ അടിയില്‍ സുരക്ഷിതമായിരിക്കുക.ഭൂമികുലുക്കം അവസാനിക്കുന്നതുവരെ അവിടെ തുടരുക.
- ഭാരമുള്ള വസ്തുക്കളിൽ നിന്നും വാതിലുകളിൽ നിന്നും ജനലുകളിൽ നിന്നും അകന്നു നിൽക്കുക.
-വാഹനമോടിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ വാഹനം നിര്‍ത്തി വാഹനത്തിനുള്ളില്‍ തന്നെ സുരക്ഷിതമായിരിക്കുക. അടിപാതകള്‍, കെട്ടിടങ്ങള്‍, മേല്‍പാലങ്ങള്‍, പാലങ്ങള്‍ തുടങ്ങിയവക്ക് സമീപം നിര്‍ത്തുന്നത് ഒഴിവാക്കുക.