ഏതു നിമിഷവും മരം വീഴാം അപകടാവസ്ഥ മനസ്സിലാക്കിയിട്ടും അനക്കമില്ലാതെ അധികൃതർ

ഏതു നിമിഷവും മരം വീഴാം 
അപകടാവസ്ഥ മനസ്സിലാക്കിയിട്ടും അനക്കമില്ലാതെ അധികൃതർ


ഇരിട്ടി: രാപ്പകലില്ലാതെ  നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും കാല്നടയാത്രക്കാരും കടന്നു പോകുന്ന റോഡിലേക്ക്  ഏതു നിമിഷവും മറിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന മരം. ഇതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയിട്ടും ഇത് മുറിച്ചു മാറ്റാനുള്ള  നടപടികളൊന്നുമെടുക്കാതെ അധികൃതർ.  ഇരിട്ടി പേരാവൂർ റോഡിൽ ജബ്ബാർക്കടവ്- ശ്യാമളാ ലൈനിന് സമീപമാണ് ഏതുനിമിഷവും അപകടം തൃക്കൺ പാകത്തിൽ മരം നിൽക്കുന്നത്.  
ഓരോ ദിവസവും ഈ മരം കൂടുതൽ കൂടുതൽ  റോഡിലേക്ക് ചെരിഞ്ഞു വരികയാണ്. മരം ചെറിയുന്നതിനനുസരിച്ച് സമീപത്തെ ചെങ്കൽ ഭിത്തിയും ഇളകി നിൽക്കുകയാണ്.  സംഭവത്തിന്റെ ഗൗരവം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇരിട്ടി അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തി. അപകടസ്ഥിതി മനസ്സിലാക്കിയെങ്കിലും  മരം മറിഞ്ഞു വീഴാത്തതിനാൽ മുറിച്ചുമാറ്റാൻ അനുമതിയില്ലെന്നു കാണിച്ച് ഇവർ തിരിച്ചുപോയി. സംഭവം ശ്രദ്ധയിൽ പെടുത്തിയിട്ടും   അഗ്നിശമനസേന കാണിച്ച താല്പര്യം പോലും പൊതുമരാമത്ത് അധികൃതർ കാണിക്കുന്നില്ലെന്നും വിമർശനമുയർന്നു. മരം മറിഞ്ഞു  വീഴുന്നത് റോഡിലേക്ക് തന്നെയായിരിരിക്കും. ഒപ്പം റോഡിനെതിർവശത്തെ വൈദ്യുതി പോസ്റ്റും ലൈനും കൂടി റോഡിലേക്ക് പതിക്കും എന്നതുകൊണ്ടുതന്നെ അങ്ങിനെ ഉണ്ടായാൽ സംഭവിക്കുന്നത് വലിയ ദുരന്തമായിരിക്കുമെന്നുമാണ് ജനങ്ങളും സമീപത്തെ കച്ചവടക്കാരും പറയുന്നത്.