കെ സ്‌മാർട്ട് ; നവംബർ ഒന്നിന് ഇ കേരളപ്പിറവി , സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലേക്ക്
കേരള സൊല്യൂഷൻ ഫോർ മാനേജ്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്‌ഫർമേഷൻ ആപ്ലിക്കേഷൻവഴി സർക്കാർ സേവനങ്ങളെല്ലാം ആപ്പിൽ ലഭ്യമാക്കുന്നതാണ് കെ–-സ്‌മാർട്ട്. ‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’ എന്നതാണ് കെ–- സ്‌മാർട്ട് മുദ്രാവാക്യം. ലോകത്തെവിടെനിന്നും ഡിജിറ്റലായി അപേക്ഷകൾ നൽകാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും സൗകര്യമുണ്ട്. ഇതിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത മുപ്പതോളം സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ജനുവരിമുതൽ പരീക്ഷണത്തിലാണ്. ആദ്യഘട്ടത്തിൽ പത്ത് മോഡ്യൂളിലെ സേവനമായിരിക്കും ലഭ്യമാകുക. വ്യാപാര, വാണിജ്യ ലൈസൻസുകൾ, വസ്‌തുനികുതി (പ്രോപ്പർട്ടി ടാക്‌സ്), പൊതുജന പരാതി പരിഹാരം, വിപുലമായ ധനസേവനങ്ങൾ, മനുഷ്യവിഭവ പരിപാലനം, കെട്ടിട നിർമാണ പ്ലാൻ അംഗീകരിക്കൽ തുടങ്ങിയവയായിരിക്കും ആരംഭിക്കുക. മൊബൈൽ ഫോൺവഴി ഇവ ലഭ്യമാകും. ജീവനക്കാർക്ക് ഓഫീസ് ജോലികൾ മൊബൈൽ ഫോണിലൂടെ നിർവഹിക്കാനാകും. സേവനതലത്തിലെ അഴിമതി ആക്ഷേപത്തിന് തടയിടാനുമാകും.
അപേക്ഷിക്കാതെ
സർട്ടിഫിക്കറ്റ്
അപേക്ഷ നൽകാതെതന്നെ പൗരന് ആവശ്യമായ സർട്ടിഫിക്കറ്റു കൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് കെ–-സ്‌മാർട്ട് സഹായിക്കുമെന്നാണ് പ്രതീക്ഷ. പൗരന്റെ ഓരോ ജീവിതഘട്ടത്തിലും ആവശ്യമായ സർക്കാർ സർട്ടിഫിക്കറ്റുകൾ ആപ്ലിക്കേഷൻ സ്വമേധയാ തയ്യാറാക്കും. ആവശ്യമനുസരിച്ച് ഡൗൺലോഡ് ചെയ്യാനാകും.