സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; ഇന്നത്തേത് സൂചന, നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമെന്ന് സംയുക്ത സമിതി
സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്നത്തേത് സൂചന സമരമാണെന്നും നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു.
സമരത്തിന്റെ പശ്ചാത്തലത്തില്‍ കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് നടത്തുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.