വസ്തു വാങ്ങാന്‍ കരാറെഴുതിയ ശേഷം ഉടമയുടെ വിശ്വാസമാര്‍ജിച്ച് 37.45 ലക്ഷം തട്ടി മുങ്ങി; കേസില്‍ സ്ത്രീയെയടക്കം പോലീസ് പിടികൂടിയത് നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരെ

വസ്തു വാങ്ങാന്‍ കരാറെഴുതിയ ശേഷം ഉടമയുടെ വിശ്വാസമാര്‍ജിച്ച് 37.45 ലക്ഷം തട്ടി മുങ്ങി; കേസില്‍ സ്ത്രീയെയടക്കം പോലീസ് പിടികൂടിയത് നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് പേരെഅടൂര്‍: വസ്തു വാങ്ങാന്‍ കരാറെഴുതിയ ശേഷം ഉടമയുടെ വിശ്വാസമാര്‍ജിച്ച് 37.45 ലക്ഷം തട്ടി മുങ്ങിയ കേസില്‍ വനിതയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ(35), പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മൂന്നാളം സ്വദേശി ജയചന്ദ്രനാണ് പരാതിക്കാരന്‍. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുളള വസ്തു വാങ്ങാന്‍ എന്ന വ്യാജേനെയെത്തി 37,45,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഒക്‌ടോബര്‍ ആദ്യ വാരം പ്രിയയാണ് ജയചന്ദ്രനേയും ഭാര്യയേയും സമീപിക്കുന്നത്. വസ്തു കണ്ട് ഇഷ്ടമായി എന്ന് വിശ്വസിപ്പിച്ച പ്രിയ മറ്റൊരു ദിവസം കൂട്ടു പ്രതികളായ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി മൂന്നാളത്തെ വീട്ടിലെത്തി. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കിയ ശേഷം വില്‍പ്പന കരാര്‍ തയാറാക്കി വസ്തു വാങ്ങാം എന്ന് ദമ്പതികളെ വിശ്വസിപ്പിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും എത്തിയ ഇവര്‍ തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്ഥിരനിക്ഷേപമുണ്ടെന്നും ഇതില്‍ നിന്ന് എടുത്ത വായ്പ അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയത് ലഭിക്കുകയുള്ളൂവെന്നും ജയചന്ദ്രനോട് പറഞ്ഞു. വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ പ്രതികള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. ജയചന്ദ്രന്‍ പല തവണയായി ഗൂളിള്‍ പേ, ബാങ്ക് അക്കൗണ്ട് എന്നിവ വഴിയും നേരിട്ടും പണം െകെമാറി. 33 പവന്‍ സ്വര്‍ണാഭരണങ്ങളും ഇവര്‍ വഞ്ചിച്ചെടുത്തു. പിന്നീട് ഫോണ്‍ ഓഫ് ചെയ്ത് ഇവര്‍ മുങ്ങി. ഒന്നാം പ്രതി പ്രിയയ്ക്ക് സംസ്ഥാനത്ത് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. പൂന്തുറ സ്‌റ്റേഷനിലടക്കമുള്ള കേസുകളില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞു വരികയാണെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രിയയ്ക്ക് കഴക്കൂട്ടം, വട്ടപ്പാറ, പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, സ്‌റ്റേഷനുകളിലായി പതിനഞ്ചിലധികം, കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഡിെവെ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ്.ഐമാരായ എം. മനീഷ്, ശ്യാമ കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണപിള്ള, സിവില്‍ പോലീസ് ഓഫിസര്‍മാരായ സൂരജ് ശ്യാംകുമാര്‍,എസ്. അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.