രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയില്‍ മരണസംഖ്യ 5000 കടന്നു

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്; ഗാസയില്‍ മരണസംഖ്യ 5000 കടന്നു




ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷ രൂക്ഷമായികൊണ്ടിരിക്കുന്നതിനിടെ രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ച് ഹമാസ്. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്ക്രോസിന് കൈമാറിയത്. കുപ്പൂര്‍, യോചേവെദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് മോചിപ്പിച്ചത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെ തുടര്‍ന്ന് മാനുഷിക കാരണങ്ങള്‍ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിനിര്‍ത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രയേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ റേഡിയോ അവകാശപ്പെടുന്നു.

അതേസമയം, ഇന്ന് പുലര്‍ച്ചെ അല്‍ ശത്തി അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 12 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഗാസയിലെ മരണസംഖ്യ 5,100 കടന്നു. മരിച്ചവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. ഫലസ്തീന്‍ ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.