ക്രിപ്റ്റോകറൻസി ട്രേഡിങ് തട്ടിപ്പ് ; ചക്കരക്കൽ സ്വദേശിക്ക് നഷ്ടപ്പെട്ടത് 5000 രൂപ

ക്രിപ്റ്റോകറൻസി ട്രേഡിങ് തട്ടിപ്പ് ; ചക്കരക്കൽ സ്വദേശിക്ക് നഷ്ടപ്പെട്ടത് 5000 രൂപ




വാട്സ്ആപ്പിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തിയാൽ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്ന മെസ്സേജ് കണ്ട് താൽപര്യം പ്രകടിപ്പിച്ച 
ചക്കരക്കൽ സ്വദേശിയായ യുവാവിന്  നഷ്ടമായത് 5000 രൂപ. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

യുവാവിന് സംഭവിച്ചത് ഇങ്ങനെ . ഒരു അജ്ഞാത നമ്പറിൽ നിന്നും യുവാവിൻറെ വാട്സ്ആപ്പിലേക്ക് ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തിയാൽ പണം ഇരട്ടിയിലധികം സമ്പാദിക്കാം എന്നുള്ള മെസ്സേജ് വന്നു. താൽപര്യം പ്രകടിപ്പിച്ച് യുവാവ് എങ്ങനെയാണ്‌ ഇത് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ 2000 രൂപ നിക്ഷേപിച്ചാൽ 5000 ലഭിക്കുമെന്നും 5000 രൂപ നിക്ഷേപിച്ചാൽ 15000 ലഭിക്കുമെന്നും തട്ടിപ്പുകാർ പറഞ്ഞു. അവർ പറയുന്ന അക്കൌണ്ടിലേക്ക് പണം അയച്ചു കൊടുത്താൽ മതിയെന്നും ആ പൈസ കൊണ്ട് അവർ ട്രേഡിങ് നടത്തി ലാഭം യുവാവിൻറെ അക്കൌണ്ടിലേക്ക് അയച്ചു തരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് അവർ കൂടുതൽ വിശ്വാസ്യത നേടിയെടുക്കുന്നതിനുവേണ്ടി മറ്റുള്ളവർ പണം നിക്ഷേപിച്ച് ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തിയതിൻറെയും പണം അക്കൌണ്ടിലേക്ക് ക്രെഡിറ്റ്‌ ആയതിൻറെയും വ്യാജ മെസ്സേജിൻറെ സ്ക്രീൻഷോട്ട് വാട്‌സാപ്പിലേക്ക് അയച്ചു കൊടുക്കുയും അതൊക്കെ മറ്റുള്ളവർ ക്രിപ്റ്റോ കറൻസി ട്രേഡിങ് ചെയ്ത് ലാഭം കിട്ടിയതാണെന്ന് പറഞ്ഞ് വിശ്വിസിപ്പിക്കുകയും ചെയ്തു.

തുടർന്ന് യുവാവ് അവർ പറഞ്ഞതു പ്രകാരം അക്കൌണ്ടിലേക്ക് 2000 രൂപ അയച്ചു കൊടുത്തു.
ഉടൻ തന്നെ അവർ യുവാവിനെ കോൺടാക്ട് ചെയ്ത് 2000 രൂപയുടെ സ്കീം കഴിഞ്ഞെന്നും 5000 രൂപയുടെ സ്കീം ആണ് ഉള്ളതെന്നും പറഞ്ഞു. 3000 രൂപകൂടി അയച്ചാൽ 5000 രൂപയുടെ സ്കീമിൽ ട്രേഡിങ് നടത്താം എന്ന് അറിയിച്ചതോടെ യുവാവിനെ കൊണ്ട് വീണ്ടും 3000 രൂപ തട്ടിപ്പുകാരുടെ  അക്കൌണ്ടിലേക്ക് നിക്ഷേപിപ്പിച്ചു. 20 മിനിറ്റിനു ശേഷം ലാഭം 15000 രൂപ ആയി എന്നും അത് പിൻ വലിക്കണമെങ്കിൽ  
ജി എസ് ടി അടക്കാൻ ആവശ്യപ്പെടുകയും ചെയതു . ജി എസ് ടി അടക്കണം എന്ന് പറഞ്ഞപ്പോഴാണ് ഇതൊരു  ഓൺലൈൻ തട്ടിപ്പാണെന്ന് യുവാവിന് മനസിലാകുന്നത്. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ  കാലത്ത് അജ്ഞാത നമ്പറിൽ നിന്ന്  ഇതുപോലെയുള്ള മെസ്സേജുകൾ വരികയാണെങ്കിൽ  തിരിച്ച്  മെസ്സേജ് അയക്കുകയോ അതിനെപ്പറ്റി ചോദിക്കുകയോ ചെയ്യരുത്. ഇത്തരക്കാരുടെ വലയിൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. പല മോഹ വാഗ്ദാനങ്ങളും നൽകി വലയിൽ വീഴ്ത്താൻ അവർ പരമാവധി ശ്രമിക്കും.

ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ  ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ  1930 ലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലായ http://www.cybercrime.gov.in  മുഖേനയും കംപ്ലയിന്റ് റജിസ്റ്റർ  ചെയ്യാവുന്നതാണ്.