വന്ദേഭാരത് മാറ്റം താത്കാലികമല്ലെന്ന് എംപി, 'പുതിയ സ്റ്റോപ്പ് വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത്'


വന്ദേഭാരത് മാറ്റം താത്കാലികമല്ലെന്ന് എംപി, 'പുതിയ സ്റ്റോപ്പ് വരുമാനവും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്ത്'


മാവേലിക്കര: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് താത്കാലികമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചെങ്ങന്നൂരിൽ വന്ദേ ഭാരത് ട്രെയിനിന് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പ് സ്ഥിരം ആയിരിക്കും എന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. നേരത്തെ ശബരിമല സീസൺ കാലത്തേക്ക് താത്കാലിക സ്റ്റോപ്പ് അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ റെയിൽവേ ബോർഡ് ഇറക്കിയിരിക്കുന്ന ഉത്തരവിൽ ചെങ്ങന്നൂരിലെ വന്ദേ ഭാരത് ട്രെയിനിന്റെ സ്റ്റോപ്പ് സ്ഥിരം ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആറു മാസ കാലയളവിൽ വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും വരുമാനവും മറ്റും കണക്കിലെടുത്താണ് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതെന്നും റെയിൽവേ അധികൃതർ വ്യകത്മാക്കിയിട്ടുണ്ടെന്നും എംപി അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് തിങ്കളാഴച് മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്ത് നിന്നും രാവിലെ പുറപ്പെടുന്ന ട്രെയിൻ 6.53ന് ചെങ്ങന്നൂരിൽ എത്തിച്ചേരുന്നതും 6.55 നു കാസർകോട്ടേക്ക് തിരിക്കുന്നതുമാണ്.  വൈകുനേരം കാസർകോട് നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ 8.46 ന് ചെങ്ങന്നൂരിൽ എത്തിച്ചേരുകയും 8.48 ന് തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യും.

രണ്ടു മിനിറ്റ് സമയം ആണ് ചെങ്ങന്നൂരിൽ അനുവദിച്ചിരിക്കുന്നത്. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതൽ രാവിലെ 5.15 നാണ് സർവീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരിൽ നിർത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. കോട്ടയത്തും എറണാകുളത്തും ട്രെയിൻ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല.

തൃശ്ശൂരിൽ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാൽ ഒരു മിനിറ്റ് അധികം മുൻപത്തേതിലും ഈ സ്റ്റോപ്പിൽ ട്രെയിൻ നിർത്തും. 9.33 നാവും ഇനി ട്രെയിൻ ഇവിടെ നിന്ന് പുറപ്പെടുക. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള ട്രെയിൻ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കില്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്. ഷൊർണൂരിന് ശേഷം കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പ്.

തിരിച്ചുള്ള സർവീസിൽ കാസർകോട് മുതൽ ഷൊർണൂർ വരെ സമയത്തിൽ മാറ്റമില്ല. തൃശ്ശൂരിൽ മുൻപ് എത്തിയിരുന്ന 6.10 ന് തന്നെ ട്രെയിനെത്തും. എന്നാൽ ഒരു മിനിറ്റ് അധികം ഇവിടെ നിർത്തുമെന്നും 6.13 ന് സർവീസ് ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.