പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിവാദം ; ശശി തരൂരിന് വിമര്‍ശനവുമായി സിപിഎമ്മും ഇസ്‌ളാമിക സംഘടനകളും

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിവാദം ; ശശി തരൂരിന് വിമര്‍ശനവുമായി സിപിഎമ്മും ഇസ്‌ളാമിക സംഘടനകളും


കൊച്ചി: മുസ്ലിംലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ വന്‍ വിവാദം. സിപിഎമ്മും സുന്നി അനുകൂല സംഘടനകളും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഹമാസ് തീവ്രവാദി സംഘടനയാണെന്ന രീതിയിലുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. വിമര്‍ശനവുമായി സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികളും രംഗത്തു വന്നു.

സമസ്തയുടെ യുവജന വിഭാഗമായ എസ്‌കെഎസ്എസ്എഫ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ പ്രതികരിച്ചത്. നേരത്തേ പരിപാടിയില്‍ വിശ്വപൗരനെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ വിവാദം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയില്‍ ശശി തരൂരിന്റെ പ്രസംഗത്തിലെ പരാമര്‍ശവും വിമര്‍ശകര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നത്.

തരൂരിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും സിപിഐഎം നേതാവ് എം സ്വരാജും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ നിന്ന് വാങ്ങിയ ശമ്പളത്തിന് തരൂര്‍ ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാന്‍ വൈകി എന്നാണ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്. എം.കെ. മുനീറും വിമര്‍ശനവുമായി എത്തിയിരുന്നു പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നും ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നുമാണ് എം കെ മുനീര്‍ പറഞ്ഞത്.

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂര്‍ പറയുന്നത്. വാക്കുകള്‍ക്ക് അര്‍ഥമുണ്ടെന്നും ഒക്ടോബര്‍ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്നും അറിയാത്ത ആളല്ല തരൂര്‍ എന്നും എം സ്വരാജ് വിമര്‍ശിച്ചു.

ഇസ്രയേലിനെ ഭീകരവാദികള്‍ ആക്രമിച്ചതിന് നടത്തിയ പ്രത്യാക്രമണം അതിരുകടന്നു എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷേ ഇസ്രയേല്‍ നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ 6000 തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. ഹമാസിനെയാണ് ശശി തരൂര്‍ ഭീകരര്‍ എന്ന് വിശേഷിപ്പിച്ചതെന്നാണ് വിമര്‍ശനം.