നിര്‍ത്തിയിട്ട ബസ് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളിൽ കയറി

ആമ്പല്ലൂർ: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്കുരുണ്ട് അഞ്ച് ഇരുചക്രവാഹനങ്ങളിൽ കയറിയിറങ്ങി. ബസ് വരുന്നതു കണ്ട് വാഹനങ്ങള്‍ റോഡിലിട്ട് ഓടിമാറുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഗേറ്റ് തുറക്കുന്നതിന് വേണ്ടി കാത്തുനിന്ന ഇരുചക്രവാഹനങ്ങളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. പിറകില്‍ നിന്നിരുന്ന വാഹനയാത്രക്കാര്‍ ഓടിമാറിയത് കാരണം വന്‍ ദുരന്തം ഒഴിവായി. രണ്ട് മീറ്ററോളം പിറകിലേക്ക് ഉരുണ്ട ബസ് ഇരുചക്രവാഹനങ്ങള്‍ അടിയില്‍പെട്ടതോടെ നില്‍ക്കുകയായിരുന്നു.

ചേര്‍പ്പില്‍നിന്ന് പുതുക്കാട്ടേക്ക് വന്നിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്. കയറ്റമുള്ള ഭാഗത്ത് ഗേറ്റിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ബസ് പെട്ടെന്ന് പിറകിലേക്ക് ഇറങ്ങുകയായിരുന്നു. ബസിനടിയില്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.