![](https://images.news18.com/malayalam/uploads/2023/04/arrest-2-1-168238835516x9.jpg)
അഗർത്തല: കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന ബംഗ്ലാദേശി യുവതിയെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ത്രിപുര ജില്ലയിലെ ധർമനഗറിലാണ് ബംഗ്ലാദേശി യുവതി അനധികൃതമായി അതിർത്തി കടന്നതെന്ന് ത്രിപുര പൊലീസ് അറിയിച്ചു.
ധർമ്മനഗർ സബ്ഡിവിഷനിലെ ഫുൽബാരിയിൽ താമസിക്കുന്ന നൂർ ജലാൽ (34) എന്നയാളെ വിവാഹം കഴിക്കാനായാണ് യുവതി അതിർത്തി കടന്നത്. ഇയാൾ ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നയാളാണ്. നൂർ ജലാൽ ബംഗ്ലാദേശിലെ മൗലവി ബസാർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. സന്ദർശന വേളയിൽ, വിവാഹിത കൂടിയായ ഫാത്തിമ നുസ്രത്ത് എന്ന യുവതിയുമായി പരിചയത്തിലായി.
തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ 15 ദിവസത്തെ പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. വാട്സാപ്പ് വഴി ഇരുവരും ദിവസവും സംസാരിക്കാറുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നൂർ ജലാലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് നൂറിനെ കാണാനായി യുവതി അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചത്.
യുവതി അറസ്റ്റിലായ വിവരം അവരുടെ ബന്ധുക്കളെ അറിയിച്ചതായി ത്രിപുര പൊലീസ് അറിയിച്ചു. ഇന്ത്യയിലേക്ക് എത്തിയാൽ വിവാഹം കഴിക്കാമെന്ന് നൂർ ജലാൽ അറിയിച്ചുവെന്നും ഇതോടെയാണ് താൻ അതിർത്തി കടന്നതെന്നും യുവതി പറഞ്ഞതായി ധർമനഗർ പൊലീസ് എസ്.എച്ച്.ഒ ദേബാശിഷ് സാഹ പറഞ്ഞു.