മാപ്പ് പറഞ്ഞാൽ തീരില്ല, വിഷയം ഗൗരവതരം'; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് സതീദേവി

മാപ്പ് പറഞ്ഞാൽ തീരില്ല, വിഷയം ഗൗരവതരം'; സുരേഷ് ഗോപിക്കെതിരെ പരാതി ലഭിച്ചെന്ന് സതീദേവി


ദില്ലി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പത്ര പ്രവർത്തക യൂണിയനും വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പൊലീസിനോട് വസ്തുനിഷ്ടപരമായി വിഷയം അന്വേഷിക്കാൻ നിർദേശം നൽകും. ഈ മാസം 31നു കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു. 

സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. വനിത കമ്മീഷൻ ഈ വിഷയത്തെ ഗൗരവതരമായി കാണുന്നു. പരാതി നൽകും എന്ന് പറഞ്ഞതിനാലാണ് കമ്മീഷൻ സ്വമേധയാ ഇടപെടാതിരുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചുവെന്നും സതീദേവി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തകയും പൊലീസിൽ പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തെന്നുമാണ് പരാതിയിലുള്ളത്. പരാതിക്കടിസ്ഥാനമായ സംഭവം ഇന്നലെയാണ് കോഴിക്കോട് നടന്നത്. 

അൽപ്പ സമയം മുമ്പാണ് മാധ്യമ പ്രവർത്തക സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവർത്തക ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി. പരാതി നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തു. 

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിൽ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവർത്തക നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും മാധ്യമ പ്രവർത്തക പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകർക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവർത്തക കൂട്ടിച്ചേർത്തു.