ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിൽ: സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനഃസ്ഥാപിക്കും

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ ഘട്ടത്തിൽ: സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനഃസ്ഥാപിക്കും



ഡല്‍ഹി: ഇന്ത്യയുടെ കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തിയെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. നിലവില്‍ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനഃസ്ഥാപിക്കുമെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

‘വിയന്ന കണ്‍വെന്‍ഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടത്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പുരോഗതി ഉണ്ടായാല്‍ ഇന്ത്യ കനേഡിയന്‍ വിസ നല്‍കുന്നത് പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിരുന്നു,’ എസ് ജയശങ്കര്‍ വ്യക്തമാക്കി.


ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാകത്തിൽ ഇന്ത്യന്‍ ഏജന്റുമാർക്ക് പങ്കുണ്ടെന്ന്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ആരോപണത്തെത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ആരോപണം ഇന്ത്യ തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചത്.