അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചയാൾ പിടിയിൽ

അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചയാൾ പിടിയിൽമട്ടന്നൂരിലെ അധ്യാപകനായ വി.കെ.പ്രസന്നകുമാർ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾ പിടിയിൽ.    ഉരുവച്ചാൽ സ്വദേശി ടി ലിജി നിനെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഒന്നര മാസത്തിന് ശേഷം  കാർ ഓടിച്ചിരുന്നയാൾ പിടിയിലാകുന്നത്. കഴിഞ്ഞ മാസം 9ന്‌ രാത്രി പത്തോടെ ഇല്ലം മൂലയിൽ വച്ചായിരുന്നു അപകടം. ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ ആൾട്ടോ കാർ നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു.
 ഇല്ലംഭാഗത്ത് വച്ചാണ് പ്രസന്നകുമാറിനെ കാറിടിച്ചത്. പ്രസന്നകുമാർ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ചുവന്ന ആൾട്ടോ കാർ തിരിച്ചറിയുകയായിരുന്നു. കാർ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ ഉരുവച്ചാൽ ഇടപ്പഴശി സ്വദേശിയായ ലിപിൻ കാർ സഹിതം മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. താനാണ് കാർ ഓടിച്ചിരുന്നതെന്നും അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും അന്നു പോലീസിന് മൊഴി നൽകിയിരുന്നു. സഹോദരന്റെ കാറുമായി കാഞ്ഞിലേരിയിലെ താമസസ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നും മൊഴി നൽകിയിരുന്നു. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനാൽ പോലീസ് അന്വേഷണം തുടരുകയായിരുന്നു. സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതിയെ പിടികൂടാനായത്. ആർസി ഓണറായ ലിജിൻ തന്നെയാണ് കാർ ഓടിച്ചതെന്ന് വ്യക്തമായത്. എന്നാൽ ലിജിന് പകരം സഹോദരൻ ലിപിൻ കുറ്റം ഏറ്റെടുത്ത് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. അപകടത്തിന് ശേഷം വീട്ടിലെത്തിയ ലിജിൻ ലിപിനുമായി സംസാരിക്കുകയും സംഭവ സമയം കാർ ഓടിച്ചിരുന്നയാളെ മാറ്റുകയായിരുന്നു. അപകടത്തിന് ശേഷം പിറ്റെ ദിവസം രാവിലെ കൂത്തുപറമ്പിലെ ഒരു വർക്ക് ഷോപ്പിലെത്തിച്ച കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് മാറ്റിയ ശേഷം പതിനൊന്നാം തീയതി രാത്രി കാർ മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. കാറിന്റെ തകർന്ന ബോഡി മാറ്റാനും തീരുമാനിച്ചതായി പറയുന്നു. ഒരാഴ്ചയ്ക്ക് ശേഷം കാറിന്റെ പഴയ തകർന്ന ഗ്ലാസ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായും പോലീസ് പറഞ്ഞു. അന്വേഷണത്തെ വഴി തെറ്റിക്കുന്നതിന് ശ്രമിച്ച ആർസി ഓണറുടെ സഹോദരൻ ലിപിനിനെയും  അന്വേഷണ സംഘം അറസ്റ്റു ചെയ്തു. 
മട്ടന്നൂർ ഇൻസ്‌പെക്ടർ കെ.വി.പ്രമോദൻ, എസ്ഐ യു.കെ.ജിതിൻ, എസ്ഐ രാജീവൻ, എ എസ്ഐ സിദ്ദീഖ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.വി. ധനേഷ് ചെമ്പിലോട്, ജോമോൻ, രാജേഷ്, രഗിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യഥാർഥ പ്രതിയെ പിടികൂടാനായത്.  വാഹനമിടിച്ച് നിർത്താതെ പോകുന്നത് വർധിച്ച സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ നിർത്താതെ പോകുന്നത് കാരണം അപകടത്തിൽ പ്പെടുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കാറില്ല. ഇതേ തുടർന്നാണ് മട്ടന്നൂർ പോലീസ് ശാസ്ത്രീയമായി അന്വേഷണം നടത്തി യഥാർഥ പ്രതിയെ കണ്ടെത്തിയത്.