യഹോവാ സാക്ഷികള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടകരമായ ആശയം; സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ

യഹോവാ സാക്ഷികള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടകരമായ ആശയം; സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാര്‍ട്ടിന്റെ വീഡിയോ



‘യഹോവാ സാക്ഷികള്‍ പ്രചരിപ്പിക്കുന്നത് രാജ്യത്തിന് അപകടകരമായ ആശയം, ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഞാന്‍ തന്നെ ‘ ഡൊമനിക് മാര്‍ട്ടിന്‍. കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ തൃശൂരില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോ പ്രചരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

താന്‍ യഹോവ സാക്ഷികളെന്ന സംഘടനയ്‌ക്കൊപ്പം പതിനാറ് വര്‍ഷമായി ഉണ്ടായിരുന്ന ആളാണ്. ആറ് വര്‍ഷം മുന്‍പ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ വെറുപ്പിന്റെ ആശയത്തിലൂടെ ഭിന്നിപ്പിക്കുന്നതാണ് പ്രസ്ഥാനമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു. ദേശീയ ഗാനത്തിനും സര്‍ക്കാര്‍ ഉദ്യോഗത്തിനും വരെ ഇവര്‍ എതിരാണെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് അപകടകരമായ തെറ്റായ ആശയത്തിനെതിരെ തനിക്ക് പ്രതികരിച്ചേ മതിയാകൂ. മറ്റ് വിഭാഗങ്ങളെ വേശ്യാ സമൂഹം എന്നാണ് യഹോവ സാക്ഷികള്‍ പറയുന്നതെന്നും ഡൊമിനിക് ആരോപിക്കുന്നു. ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ മതിയാകൂ എന്നും ഈ പ്രസ്ഥാനം നമ്മുടെ നാട്ടില്‍ ആവശ്യമില്ലെന്നും പറഞ്ഞ മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലാണ് ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയത്. ഇയാള്‍ കൊച്ചി തമ്മനം സ്വദേശിയാണ്. ഉച്ചയ്ക്ക് 1.30ന് കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് കീഴടങ്ങുകയായിരുന്നു. അതേ സമയം ഇയാളെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്ത് വരുകയാണെന്നാണ് വിവരം.