കർണാടകയിൽ NH 44ൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ടാറ്റാ സുമോ ഇടിച്ച് 12 മരണം

കർണാടകയിൽ NH 44ൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ടാറ്റാ സുമോ ഇടിച്ച് 12 മരണം


ബെംഗളരൂ: കര്‍ണാടക ചിക്കബെല്ലാപുരയില്‍ വാഹനാപകടത്തിൽ 12 പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിച്ചുകയറുകയായിരുന്നു. 4 സത്രീകളും 8 പുരുഷന്‍മാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറി, ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. 12 പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. “അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്, എന്നാൽ മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായതാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്,” ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.

Also Read- പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി

രണ്ട് ദിവസം മുൻപ് തമിഴ്നാട്ടിലുണ്ടായ ദാരുണമായ മറ്റൊരു അപകടത്തിൽ കർണാടക സ്വദേശികളായ ഭിന്നശേഷിക്കാരായ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ മരിച്ചിരുന്നു. ചെന്നൈ ഊറപ്പാക്കത്ത് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളായ, മഞ്ജുനാഥ്, സുരേഷ്, രവി എന്നിവരാണ് മരിച്ചത്. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. ട്രാക്കിന് അടുത്ത് തന്നെയാണ് ഇവരുടെ ബന്ധുവീട്. ഇവിടെ വച്ച് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ചെന്നൈയില്‍ നിന്ന് ചെങ്കല്‍പ്പേട്ടിലേക്ക് പോകുന്ന ഇലക്ട്രിക് ട്രെയിന്‍ ആണ് തട്ടിയത്.