കണ്ണൂരിന് പുത്തന്‍ പ്രതീക്ഷയേകിക്കൊണ്ട് പ്രവാസി നിക്ഷേപ സംഗമം സമാപിച്ചു; 2128 കോടി രൂപയുടെ നിക്ഷേപവുമായ സംരഭകര്‍

കണ്ണൂരിന് പുത്തന്‍ പ്രതീക്ഷയേകിക്കൊണ്ട് പ്രവാസി നിക്ഷേപ സംഗമം സമാപിച്ചു; 2128 കോടി രൂപയുടെ നിക്ഷേപവുമായ സംരഭകര്‍


കണ്ണൂര്‍:  വ്യവസായിക-ടൂറിസം രംഗത്ത് വന്‍കിട പദ്ധതികള്‍ അവതരിപ്പിച്ചും നടപ്പാക്കാനൊരുങ്ങിയും ജില്ലാ പഞ്ചായതും ജില്ലാ വ്യവസായ വകുപ്പും നടത്തിയ പ്രവാസി നിക്ഷേപ സംഗമത്തിന് (എന്‍ ആര്‍ ഐ സമിറ്റ്) സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന സമിറ്റില്‍ 2128 കോടി രൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നതായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രണ്ടാംദിനത്തില്‍ ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിലായി 724 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സംരംഭകര്‍ തയാറായെന്നും അവര്‍ പറഞ്ഞു. ആദ്യദിനം വ്യവസായിക രംഗത്ത് 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകര്‍ മുന്നോട്ടുവന്നിരുന്നു. ടൂറിസം രംഗത്ത് വൈവിധ്യങ്ങളായ പദ്ധതികളാണ് രണ്ടാംദിനം പ്രഖ്യാപിച്ചത്. ജില്ലയില്‍ രണ്ടു പഞ്ചനക്ഷത്ര ഹോടെലുകള്‍ നിര്‍മിക്കാനുള്ള വാഗ്ദാനം ലഭിച്ചതായും പി പി ദിവ്യ പറഞ്ഞു.

അരോമ ഗ്രൂപും ശ്രീരോഷ് ബില്‍ഡേഴ്‌സുമാണ് പഞ്ചനക്ഷത്ര ഹോടെലുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി മുന്നോട്ട് വച്ചത്. അരോമ ബില്‍ഡേഴ്‌സ് 200 കോടി നിക്ഷേപിച്ച് ഏച്ചൂരിലാണ് ഹോടെലുകള്‍ നിര്‍മിക്കുക. 200 കോടി രൂപ നിക്ഷേപിച്ച് മള്‍ടി സ്‌പെഷാലിറ്റി ആശുപത്രി നിര്‍മിക്കുമെന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രി അധികൃതര്‍ അറിയിച്ചു. 80 കോടി രൂപ ചിലവില്‍ കോണ്‍കോഡ് ഹില്‍സ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെന്റര്‍ സ്ഥാപിക്കും.

ടൂറിസത്തിനായി 340 ഏകര്‍ ഭൂമി വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികള്‍ സമിറ്റില്‍ സന്നദ്ധത അറിയിച്ചു. ബീച് ടൂറിസം, ഹെറിറ്റേജ് ടൂറിസം, അഗ്രികള്‍ചറല്‍ ടൂറിസം, ഐടി മേഖലകളില്‍ നിക്ഷേപം നടത്താന്‍ പല വ്യവസായികളും താല്‍പര്യം പ്രകടിപ്പിച്ചു. സമിറ്റില്‍ എത്തിപ്പെടാന്‍ കഴിയാത്ത വ്യവസായികള്‍ക്ക് തുടര്‍ന്നും ജില്ലാ പഞ്ചായത് ഇന്‍വെസ്റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌ക് വഴി ആവശ്യമായ പിന്തുണ നല്‍കും.

പ്രവാസി ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരില്‍ 100 ഏകര്‍ സ്ഥലത്ത് പ്രവാസി ടൗണ്‍ഷിപ് നിര്‍മിക്കും. ഡിജിറ്റല്‍ അകാഡമി, ഷോപിങ് മാളുകള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുന്‍നിര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്‍കുബേഷന്‍ -ബിസിനസ് സെന്ററുകള്‍ എന്നിവ കണ്ണൂരില്‍ ആരംഭിക്കാന്‍ പ്രവാസി സംരംഭകരും കൂട്ടായ്മകളും സന്നദ്ധത പ്രകടിപ്പിച്ചതായി പി പി ദിവ്യ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ കണ്ണൂരില്‍ നിക്ഷേപത്തിനായി സ്റ്റഡി വേള്‍ഡ് എജ്യുകേഷന്‍ ഹോള്‍ഡിങ് ഗ്രൂപ് ബന്ധപ്പെട്ടിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ചകള്‍ ഉന്നത വിദ്യാഭ്യാസവകുപ്പുമായി നടത്തി അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കും. വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തിപ്പെടാനുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത് ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തും. രണ്ടു ദിവസം നീണ്ട സമിറ്റില്‍ പ്രവാസികളുടെ പൂര്‍ണ പിന്തുണയാണ് ലഭിച്ചത്.