പോലീസ് ഓഫീസർ ആണെന്ന വ്യാജേന വിളിച്ച് കതിരൂർ സ്വദേശിയായ യുവാവിന്റെ കൈയ്യിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷം.
തലശ്ശേരി :പോലീസ് ഓഫീസർ ആണെന്ന വ്യാജേന കതിരൂർ സ്വദേശിയായ യുവാവിന്റെ ഫോണിലേക്ക് വിളിച്ച്
തട്ടിയത് 5 ലക്ഷം രൂപ. യുവാവിൻറെ ഫോണിലേക്ക് മുംബൈ നാർകോട്ടിക് സെല്ലിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ കോൾ വരികയായിരുന്നു. യുവാവിന്റെ പേരിൽ ഒരു പാർസൽ തായ് വാനിൽ നിന്നും വന്നിട്ടുണ്ടെന്നും അതിൽ മാരക മയക്കുമരുന്നായ എംഡിഎംഎ ഉണ്ടെന്ന് പറയുകയും അതിനാൽ ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പിന് ഇരയാക്കിയത്.
പിന്നീട് കോൾ ഓഫീസർക്ക് കൈമാറുകയാണെന്ന് പറഞ്ഞത് പ്രകാരം യുവാവിൻറെ വാട്സ് ആപ്പിലേക്ക് പോലീസ് ഓഫീസറാണെന്ന വ്യാജേന യൂനിഫോമിൽ വീഡിയോ കോൾ വിളിച്ച് യുവാവിൻറെ ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്യണമെന്നും വെരിഫിക്കേഷൻ ചെയ്യാൻ പണം അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവ് ഭയം കൊണ്ട് എത്രയാണ് അടക്കേണ്ടതെന്ന് ചോദിച്ചപ്പോൾ 5 ലക്ഷം രൂപ അടക്കണമെന്ന് പറയുകയും അടക്കാൻ പണമില്ലെന്ന് അറിയിച്ചപ്പോൾ 5 ലക്ഷം രൂപ തന്നെ അടക്കണമെന്നും അത് അക്കൗണ്ട് വെരിഫിക്കേഷൻ ചെയ്തിട്ട് തിരിച്ച് നൽകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് യുവാവ് പണം അയച്ചു കൊടുത്തത്.
മറ്റൊരു പരാതിയിൽ മാഹി സ്വദേശിയായ യുവാവിന് നഷ്ടമായത് 25,000 രൂപ. എസ് ബി ഐ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിൻറ് റഡീം ചെയ്യണമെന്ന് പറഞ്ഞുകൊണ്ട് യുവാവിൻറെ മൊബൈൽ നമ്പറിലേക്കും വാട്‌സ് ആപ്പിലേക്കും മെസ്സേജ് വരികയായിരുന്നു . വാട്‌സ് ആപ്പിൽ ഒരു ലിങ്കും വന്നിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വ്യാജമായ എസ് ബി ഐ യുടെ നെറ്റ് ബാങ്കിംങ്ങ് പേജിലേക്കാണ് പോയത്. അതിൽ പാസ്സ് വേർഡും അക്കൗണ്ട് നമ്പറും അടിച്ച് കേറിയപ്പോൾ യുവാവിൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു.
ഇത്തരത്തിൽ ഭയപ്പെടുത്തിയോ തെറ്റിദ്ധരിച്ചോ ഫോൺ കോളുകളും മെസ്സേജുകളും നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ഭയപ്പെടാതെ പണം കൈമാറുന്നതിന് മുമ്പ് അതിന്റെ അധികാരികത ഉറപ്പു വരുത്തുക. ശേഷം അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.