1947 ൽ വേർപിരിഞ്ഞ സഹോദരിമാരുടെ ബന്ധുക്കൾ ഒടുവിൽ മക്കയിൽ വെച്ച് കണ്ടുമുട്ടി. 1947ലെ വിഭജന കാലത്ത് ഇന്ത്യ- പാകിസ്ഥാൻ രാജ്യങ്ങളിലായി വേർപെട്ട് പോയ സഹോദരിമാർ കണ്ടുമുട്ടാനായി പലവഴിയിലൂടെ നടത്തിയ ശ്രമങ്ങളും വിഫലമായി ഒടുവിലിപ്പോൾ ബന്ധുക്കളുടെ കൂടിക്കാഴ്ച സംഭവിച്ചിരിക്കുകയാണ്. ഇന്ത്യയിലുള്ള സഹോദരിയുടെ കുടുംബാംഗങ്ങളെയാണ് 105 വയസുകാരി വ്യാഴാഴ്ച മക്കയിൽ വച്ച് കണ്ടുമുട്ടുന്നത്.
വിഭജന കാലത്ത് ഹാജിറാ ബീവി പാകിസ്ഥാനിലും സഹോദരി മജീദ പഞ്ചാബിലുമായത്. സഹോദരിമാർക്ക് കൂടിക്കാഴ്ച നടത്താന്‍ പലപ്പോഴായി ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ സാധ്യമായില്ല. ജൂണിൽ മജീദ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മജീദയുടെ മകളും 60കാരിയുമായ ഹനിഫാന്‍ മാതൃസഹോദരിയെ കാണണമെന്ന് ഉറപ്പാക്കിയത്. മക്കയിലെ കബ്ബയിൽ വച്ചാണ് ആദ്യമായി ഇവർ തമ്മിൽ കാണുന്നത്.
സഹോദരിയുടെ വിയോഗ വാർത്ത അറിയിക്കാനായി വിളിച്ചപ്പോഴാണ് ബന്ധുക്കളെ കാണാനുള്ള തീവ്രമായ ആഗ്രഹം ഹാജിറ ബീവി പങ്കുവയ്ക്കുന്നത്. പഞ്ചാബിലെ കപൂർത്തലയിലാണ് മരിച്ചുപോയ മജീദയുടെ മകൾ ഹനിഫാന്‍ താമസിക്കുന്നത്. ഹാജിറാ ബീവിയെ കാണാനായി പാകിസ്താനിലേക്ക് പോകാൻ ഹനിഫാന്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും വിസ ലഭിക്കാതെ വരികയായിരുന്നു.
കാണാനുള്ള ശ്രമങ്ങള്‍ പാഴായതോടെ ഇരു കുടുംബങ്ങളും പ്രതീക്ഷ കൈ വിട്ടിരുന്നു. ഇതിനിടയിലാണ് പാകിസ്ഥാനിലുള്ള യുട്യൂബ് ഇൻഫ്ലുവൻസർ നസീർ ദില്ലോണ്‍ ജൂണിൽ സഹോദരിമാരുടെ വിവരം അറിയുന്നത്. ഇതിന് പിന്നാലെ ദില്ലോണാണ് ഇരുവരേയും മക്കയിലെത്തിക്കുന്നത്.
നേരത്തെ പലപ്പോഴായി വീഡിയോ കോളുകളിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുള്ള ഇവരുടെ കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇരുകുടുംബങ്ങളേയും ദില്ലോണ്‍ മുന്‍കൈ എടുത്ത് മക്കയിലെൽ എത്തിക്കുകയായിരുന്നു. നേരത്തെ ഹനീഫാന്‍ ഖർതാർപൂർ സന്ദർശിക്കാന്‍ ശ്രമിച്ചപ്പോൾ അനുമതി നിഷേധിച്ചതിന് കാരണം ഇന്നും കുടുംബങ്ങൾക്ക് അറിവില്ല. ഹനീഫാന്റെ വിസ അപേക്ഷ ഇന്ത്യയിലെ പാക് ഹൈകമ്മീഷനാണ് തള്ളിയത്.