തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അസം സ്വദേശി അലിജ്ജുർറഹ്മാനെ(37) ആണ് ചിയ്യാരം വാകയിൽ റോഡിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. നെടുപുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലമാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാളെ കാണാതായത് പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കി. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
എ.സി.പി കെ.കെ. സജീവ്, നെടുപുഴ ഇൻസ്പെക്ടർ സുധിലാൽ, സബ് ഇൻസ്പെക്ടർ നെൽസൺ, എ.എസ്.ഐ രാജേഷ്, തൃശൂർ സിറ്റി ക്രൈം സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ ടി.വി. ജീവൻ, സന്തോഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർ പഴനിസ്വാമി, സിവിൽ പൊലീസ് ഓഫിസർ കെ.ബി. വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.