‘ലോകം എല്ലാം കാണുന്നുണ്ട്….’: ഇസ്രായേലിന് കടുത്ത മുന്നയിപ്പുമായി കാനഡ

‘ലോകം എല്ലാം കാണുന്നുണ്ട്….’: ഇസ്രായേലിന് കടുത്ത മുന്നയിപ്പുമായി കാനഡ



ഒട്ടാവ: ഇസ്രായേലിനെതിരെ രൂക്ഷവിമര്‍ശവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഗസ്സ മുനമ്പില്‍ സ്ത്രീകളെയും കുട്ടികളെയും പിഞ്ചുകുഞ്ഞുങ്ങളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.

“പരമാവധി സംയമനം പാലിക്കണമെന്ന് ഞാൻ ഇസ്രായേൽ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ലോകം ഇതെല്ലാം കാണുന്നുണ്ട്. ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും രക്ഷപ്പെട്ടവരുടെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെയും സാക്ഷ്യങ്ങൾ ഞങ്ങൾ കേൾക്കുന്നു” ട്രൂഡോയുടെ വാക്കുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. “സ്ത്രീകളുടെയും കുട്ടികളുടെയും ശിശുക്കളുടെയും കൊലപാതകത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. ഇത് അവസാനിപ്പിക്കണം,” ബ്രിട്ടീഷ് കൊളംബിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ നടത്തി ഒരു വാർത്താ സമ്മേളനത്തിൽ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ട്രൂഡോ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ ട്രൂഡോ അപലപിച്ചിരുന്നു. നവംബറിന്‍റെ തുടക്കത്തില്‍ ഇരുവരും വീണ്ടും സംസാരിച്ചു. പ്രതിരോധിക്കാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ പിന്തുണച്ചതായും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു.