ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു




കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തി. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വസ്ത്രവ്യാപാരിയായ ബ്രിന്ദാബന്‍ കര്‍മാക്കര്‍(52), അദ്ദേഹത്തിന്റെ ഭാര്യ ദേബശ്രീ കര്‍മാക്കര്‍, 17കാരിയായ മകള്‍ ദേബലീന, എട്ടുവയസുകാരന്‍ മകന്‍ ഉത്സാഹാ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഖാര്‍ദ മേഖലയിലെ എംഎസ് മുഖര്‍ജി റോഡിലെ അടച്ചിട്ട അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുടുംബാംഗങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ബ്രിന്ദാബന്‍ കര്‍മാക്കര്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ബ്രിന്ദാബനിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹം ഫ്ളാറ്റിന്റെ വിവിധഭാഗങ്ങളിലായാണ് കിടന്നത്.

ഫ്‌ളാറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ഭാര്യയ്‌ക്ക് അവിഹിതബന്ധമുള്ളതായി ബ്രിന്ദാബന്‍ ആരോപിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ചവിട്ടിപ്പൊളിപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.