ഏകദിന ലോകകപ്പ്: വാങ്കഡെയിൽ ഇന്ത്യയുടെ ലങ്കാദഹനം, കൂറ്റൻ ജയം നേടി രോഹിതും സംഘവും സെമിയിൽ; ഏഷ്യാ കപ്പിലെ ദുരന്തം ഓർമിപ്പിച്ച് ശ്രീലങ്ക

ഏകദിന ലോകകപ്പ്: വാങ്കഡെയിൽ ഇന്ത്യയുടെ ലങ്കാദഹനം, കൂറ്റൻ ജയം നേടി രോഹിതും സംഘവും സെമിയിൽ; ഏഷ്യാ കപ്പിലെ ദുരന്തം ഓർമിപ്പിച്ച് ശ്രീലങ്ക


സെമിയിലേക്കുള്ള യാത്ര ഇത്ര എളുപ്പമാകുമെന്ന് ഇന്ത്യയുടെ കടുത്ത ആരാധകർ പോലും കരുതി കാണില്ല. ശ്രീലങ്കയെ കൊച്ച് കുട്ടികളെ നേരിടുന്ന ലാഘവത്തിൽ നേരിട്ട ഇന്ത്യക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്ന ലങ്ക വെറും 55 റൺസിന് പുറത്തായി . ഇതോടെ ഇന്ത്യ സെമിയിൽ എത്തുന്ന ആദ്യ ടീമായി മാറി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ നായകൻ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. ടൂർണമെന്റിൽ ഉടനീളം മാന്യമായ സംഭവനനകൾ നടത്തിയിട്ടുള്ള രോഹിത് ഇന്ന് 4 റൺ മാത്രമെടുത്ത് പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമയെ(4) ആദ്യ ഓവറിലെ നഷ്ടമായ ശേഷം കോഹ്‌ലി ഗിൽ സഖ്യം ഇന്ത്യയെ കരകയറ്റി. മനോഹരമായ ക്ലാസ് ഇന്നിംഗ്സ് കളിച്ച കോലി ശുഭ്മാൻ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 189 റൺസിൻറെ കൂട്ടുകെട്ടുയർത്തി. 92 റൺസെടുത്ത ഗില്ലിനെ ദിൽഷൻ മധുശങ്ക മടക്കിയതിന് പിന്നാലെ കോലിയുടെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി താരം മടങ്ങുക ആയിരുന്നു. കോഹ്‌ലി 88 റൺസ് എടുത്താണ് പുറത്തായത് ഇന്ന് ഇരുതാരങ്ങൾക്കും സെഞ്ച്വറി നേടാൻ സുവർണാവസരം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കിട്ടിയ അവസരം മോശം ഷോട്ട് കളിച്ച് നശിപ്പിക്കുക ആയിരുന്നു ഇരുവരും.

ഇരുവരുടെയും വിക്കറ്റുകൾ നഷ്ടമായ ശേഷം ക്രീസിൽ ഒന്നിച്ച രാഹുൽ- അയ്യർ സഖ്യവും ആക്രമണ മൂഡിൽ ആയിരുന്നു. രണ്ടുപേരും ആക്രമണ മോഡിൽ ആയിരുന്നു ഇന്നിംഗ്സ് കെട്ടിപൊക്കിയത്. രാഹുൽ 21 റൺ എടുത്ത ശേഷം മടങ്ങിയപ്പോൾ ക്രീസിൽ എത്തിയ സൂര്യകുമാർ 12 റൺ എടുത്ത് മടങ്ങി. എന്നാൽ ശ്രേയസ് വിടാൻ കൂട്ടായില്ല. ജഡേജക്കൊപ്പം അയ്യർ ആക്രമണത്തെ തുടർന്നു. താൻ ഈ കാലയളവിൽ നേരിട്ട് പഴികൾക്ക് കേടും പലിശയും തീർത്ത അയ്യർ 56 പന്തിൽ 82 റൺ നേടിയപ്പോൾ ജഡേജ 24 പന്തിൽ 35 റൺ നേടി അവസാന പന്തിൽ പുറത്തായി. ലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക 5 വിക്കറ്റ് നേടിയപ്പോൾ ചമീര ഒരു വിക്കറ്റ് വീഴ്ത്തി.

ലങ്കൻ മറുപടി തുടക്കത്തിൽ തന്നെ ദുരന്തമായിട്ടാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ പാതും നിസ്സങ്ക റൺ ഒന്നും എടുക്കാതെ പുറത്തായി. ബുംറയുടെ അത്യുഗ്രൻ പന്തിൽ താരത്തിന് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പിന്നാലെ സിറാജിന്റെ ഊഴം ആയിരുന്നു. ഏഷ്യ കപ്പിലെ ലങ്കയ്ക്ക് എതിരായ മികച്ച പ്രകടനത്തിന്റെ ഓർമപുതുക്കിയ പ്രകടനം പുറത്താക്കി. ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്നെയെ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ട് ഓപ്പണർമാരും ഗോൾഡൻ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിർത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തിൽ സദീര സമരവിക്രമയെ സ്ലിപ്പിൽ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതോട 2 റൺസിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാൻ വഴിയില്ലാതെ പതറി.

പിന്നെ കണ്ടത് ലങ്കൻ ബാറ്ററുമാരുടെ പവലിയനിലേക്ക് ഉള്ള പ്രയാണം ആയിരുന്നു. തന്റെ അടുത്ത ഓവറിൽ കുശാൽ മെൻഡിസിനെ ( 0 ) സിറാജ് വീഴ്ത്തി. പിന്നാലെ ഷമിയുടെ ഊഴമായിരുന്നു. സദീര സമരവിക്രമ ( 0 ), ചരിത് അസ്‌ലങ്ക 1 , ആഞ്ചലോ മാത്യൂസ് 12 , ദുഷൻ ഹേമന്ത 0 എന്നിവരെ വീഴ്ത്തി ഷമി ഇടുത്തി ആയി പെയ്തു. ശേഷം രജിത- തീക്ഷണ സഖ്യം പൊരുതി നോക്കിയെങ്കിലും രജിതയെ 14 ഗില്ലിന്റെ കൈയിൽ എത്തിച്ച് ഷമി ഈ ലോകകപ്പിലെ തന്റെ രണ്ടാം അഞ്ചാം വിക്കറ്റ് നേട്ടം സ്വന്തമാക്കി.

ഇന്ത്യക്കായി ഷമി 5 വിക്കറ്റും സിറാജ് മൂന്ന് വിക്കറ്റും ജഡേജ ബുംറ എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.