കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് ലഹരി വില്പന നടത്തുന്ന യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ഓച്ചിറ വലിയകുളങ്ങര സജനഭവനിൽ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്പത്ത് വീട്ടിൽ ഡിനോ ബാബു (32), കണ്ണൂർ ധർമ്മടം സ്വദേശി മൃദുല (38) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. 19.82ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
ബംഗളൂരുവിൽ നിന്നാണ് ഇവർ ലഹരി മരുന്നുകൾ എത്തിച്ചിരുന്നത്. സ്ത്രീകളെ മുൻനിറുത്തിയാണ് ലഹരി കടത്തും വില്പനയും നടത്തിയിരുന്നത്. തൃക്കാക്കര, മുവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശേരി, പേട്ട പുത്തൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ലഹരിക്കേസുകളിൽ പ്രതിയാണ് റിജോ. ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിലടക്കം മയക്കുമരുന്നു കേസുകൾ ഉൾപ്പെടെയുണ്ട്.