ഏകദിന ലോകകപ്പ്: എട്ടിൽ എട്ടും നേടി ഇന്ത്യ; കോഹ്‌ലിയുടെ പിറന്നാളിന് ഇരട്ടി മധുരം; ചിത്രത്തിൽ പോലും ഇല്ലാതെ സൗത്താഫ്രിക്ക

ഏകദിന ലോകകപ്പ്: എട്ടിൽ എട്ടും നേടി ഇന്ത്യ; കോഹ്‌ലിയുടെ പിറന്നാളിന് ഇരട്ടി മധുരം; ചിത്രത്തിൽ പോലും ഇല്ലാതെ സൗത്താഫ്രിക്ക



ഇന്ന് ജയിച്ചില്ലെങ്കിൽ പിന്നെ എന്നാണ് ജയിക്കുക. ഒന്നാം സ്ഥാനക്കാരായി സെമിഫൈനലിൽ എത്താൻ ശ്രമിച്ചവരുടെ പോരാട്ടത്തിൽ സൗത്താഫ്രിക്കയെ 243 റൺസിന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകർപ്പൻ ജയവും ഒന്നാം സ്ഥാനം കിട്ടിയതിന്റെ സന്തോഷവും . സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ജന്മദിനത്തിൽ, അദ്ദേഹം സച്ചിന്റെ ഏകദിന സെഞ്ചുറികളുടെ എന്നതിൽ ഒപ്പമെത്തിയ. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉള്ള ദിനത്തിൽ ഇന്ത്യ ആധികാരിക ജയം നേടുക ആയിരുന്നു. 121 പന്തിൽ 101 റൺസ് എടുത്ത് കോഹ്‌ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എടുത്തപ്പോൾ സൗത്താഫ്രിക്ക നേടിയത് 83 റൺസ് മാത്രം. 5 വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് അവരെ തകർത്തത്.

ടോസ് നേടി സൗത്താഫ്രിക്കക്ക് എതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒരു ഘട്ടത്തിൽ 400 ന് മുകളിൽ ഒരു സ്കോർ പ്രതീക്ഷിച്ചെങ്കിലും അത് കിട്ടിയില്ല എന്ന നിരാശ ബാക്കി ആയിരിക്കും. നായകൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കത്തിന് ശേഷം ശേഷം വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരുമാണ് ഇന്ത്യയെ കരകയറ്റിയത്. ശ്രേയസ് 87 പന്തിൽ 77 റൺ നേടി തിളങ്ങി.

പതിവുപോലെ ക്യാപ്റ്റൻ രോഹിത് ശർമ്മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഈ ലോകകപ്പിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ യാൻസനെ ആദ്യ ഓവർ മുതൽ തെരഞ്ഞുപിടിച്ച് പ്രഹരിച്ചപ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് ഉയർന്നു. ആദ്യ ഓവറിൽ തന്നെ ലൈനും ലെങ്ത്തും കണ്ടെത്താൻ പാടുപെട്ട യാൻസനെറിഞ്ഞ ഓവറിൽ ഇന്ത്യ അടിച്ചെടുത്തത് 17 റൺസായിരുന്നു.

പതിവ് താളത്തിൽ തന്നെ തുടർന്നും കളിച്ച രോഹിത് 24 പന്തിൽ 40 റൺ നേടിയത്. 6 ബൗണ്ടറികളും 2 സിക്സുകളും അടങ്ങിയ ഇന്നിംഗ്സ് ഗംഭീരമായ രീതിയിലാണ് കെട്ടിപൊക്കിയത്. എന്നാൽ റബാഡയുടെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച രോഹിത്തിന്റെ ക്യാച്ച് റബാഡ എടുത്തതോടെ ആ മനോഹര ഇന്നിങ്സിന് അവസാനമായി. പിന്നെ ഉത്തരവാദിത്വം ഗിൽ- കോഹ്‌ലി സഖ്യത്തിലായി. എന്നാൽ കേശവ് മഹാരാജ് എറിഞ്ഞ ഈ ലോകകപ്പിലെ മികച്ച പന്തുകളിൽ ഒന്നിൽ ഗിൽ ബൗൾഡായി. അതോടെ ഇന്ത്യയുടെ റൺ റേറ്റ് ഗണ്യമായി തന്നെ താഴ്ന്നു. റൺ കണ്ടെത്താൻ അയ്യർ- കോഹ്‌ലി സഖ്യം ബുദ്ധിമുട്ടി . സൗത്താഫ്രിക്കയുടെ സ്പിൻ ആക്രമണമാണ് ഇന്ത്യയെ കൂടുതൽ തളർത്തിയത്. മഹാരാജ് ,ഷംസി സഖ്യം ഇന്ത്യയെ ബുദ്ധിമുട്ടിച്ചു.

എന്നാൽ ഒരുപാട് നേരം പ്രതിരോധിച്ചിട്ട് കാര്യമില്ല എന്ന് മനസിലാക്കിയതിനാലാകണം ഇരുവരും പതുക്കെ ഗിയർ മാറ്റി. ഇതിനിടയിൽ കോഹ്‌ലി ജന്മദിന സമ്മാനമായി ആരാധകർക്ക് അര്ധ സെഞ്ച്വറി സമ്മാനിച്ചു. ശ്രേയസ് കൂടി ടോപ് ഗിയറിൽ എത്തിയതോടെ ഇന്ത്യ 400 റൺ സ്വപ്നം വീണ്ടും കണ്ടുതുടങ്ങി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി അയ്യർ വീണതോടെ റൺ റേറ്റ് കുറഞ്ഞു. കെ.എൽ രാഹുൽ 8 റൺ മാത്രമെടുത്ത് പുറത്തായപ്പോൾ 14 പന്തിൽ 22 റൺ നേടി സൂര്യകുമാർ യാദവും മടങ്ങി. ഇന്നിംഗ്സ് അവസാനം റൺ കണ്ടെത്താൻ കോഹ്‌ലി ബുദ്ധിമുട്ടിയപ്പോൾ 15 പന്തിൽ 29 റൺ നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മാന്യമായ സ്കോർ കടത്താൻ സഹായിച്ചത്. സൗത്താഫ്രിക്കൻ ടീമിനായി എങ്കിടി, ജാൻസൻ, റബാഡ, മഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി തിളങ്ങി.

സൗത്താഫ്രിക്കൻ ഇന്നിംഗിൽ കണ്ടത് പവലിയനിലേക്ക് മടങ്ങാൻ മത്സരിക്കുന്ന താരങ്ങളെയാണ്. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഡി കോക്കിന്റെ സ്റ്റമ്പ് തെറിപ്പിച്ച് സിറാജ് ഏൽപ്പിച്ച പ്രഹരത്തിൽ നിന്ന് അവർക്ക് മോചനം ഇല്ലായിരുന്നു. ബാവുമ 19 , വാൻ ഡസൻ 13 , മാർക്ക്റാം 9 , ക്ലാസെൻ 1 , മില്ലർ 11 , ജാൻസൻ 14 തുടങ്ങി ഒരു താരത്തിന് പോലും 20 റൺ പോലും നേടാനാകാതെ മടങ്ങിയ കാഴ്ചയാണ് പിന്നെ കണ്ടത് . ഞങ്ങൾക്ക് പന്ത് തരുക എന്ന വാശിയിൽ നിന്ന ബോളറുമാരിൽ ജഡജയ്ക്ക് പുറമെ ഷമി, കുൽദീപ് എന്നിവർ രണ്ടും സിറാജ് ഒരു വിക്കറ്റും നേടി തിളങ്ങി..