പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍; ഗര്‍ഭഛിദ്രം വീട്ടില്‍ നടത്തിയെന്ന് മാതാവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍; ഗര്‍ഭഛിദ്രം വീട്ടില്‍ നടത്തിയെന്ന് മാതാവ്


തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരുവല്ലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസില്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. കേസന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ പെണ്‍കുട്ടിയും മാതാവും യാഥാര്‍ത്ഥ്യം തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല.

കേസ് അന്വേഷിച്ചെത്തിയ പൊലീസുമായി സഹകരിക്കാന്‍ പെണ്‍കുട്ടിയും മാതാവും തയ്യാറാകാതെ വന്നതോടെ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത്. സ്‌കൂളില്‍ പോകുന്ന വഴിക്ക് ബസില്‍ പരിചയപ്പെട്ടയാള്‍ പിന്നീട് വീട്ടിലെത്തി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പൊലീസ് തന്ത്ര പരമായി വീണ്ടും കാര്യങ്ങള്‍ അന്വേഷിക്കുമ്പോഴായിരുന്നു രണ്ടാനച്ഛനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. പിന്നാലെ തിരുവല്ലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം വൈദ്യപരിശോധനക്ക് വിധേയയാക്കാന്‍ തീരുമാനിച്ചിരിക്കെ പെണ്‍കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

തിരികെ എത്തിച്ച പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സ്വയം ചില മരുന്നുകള്‍ കഴിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നായിരുന്നു മാതാവിന്റെ വാദം. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരുടെ മൊഴി സ്ഥിരീകരിച്ചു. അതേ സമയം സ്‌കാനിംഗ് നടത്തിയ തിരുവനന്തപുരം വഞ്ചിയൂരിലെ ഗോവിന്ദന്‍സ് ആശുപത്രിയില്‍ നിന്ന് പൊലീസ് തെളിവ് ശേഖരിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തിരിച്ചറിഞ്ഞിട്ടും പൊലീസില്‍ വിവരം അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. പൊലീസ് ആശുപത്രിയ്‌ക്കെതിരെ കേസെടുത്താല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ടേക്കാം.