മകളുടെ വിവാഹം അടുത്തു, നിക്ഷേപിച്ച ലക്ഷങ്ങള്‍ കിട്ടാന്‍ സഹകരണ ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് നിക്ഷേപകന്‍

മകളുടെ വിവാഹം അടുത്തു, നിക്ഷേപിച്ച ലക്ഷങ്ങള്‍ കിട്ടാന്‍ സഹകരണ ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് നിക്ഷേപകന്‍

തിരുവനന്തപുരം: നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് മാരായമുട്ടം സഹകരണ ബാങ്കിന്‍റെ ശാഖക്കു മുന്നിൽ നിക്ഷേപകന്‍റെ സമരം. മകളുടെ വിവാഹത്തിന് 26 ലക്ഷം രൂപ നൽകണമെന്നാപ്പെട്ടാണ് നിക്ഷേപകനായ മോഹനചന്ദ്രന്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തെതുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഈ മാസം 17ന് മുമ്പ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള 12 ലക്ഷം മോഹനചന്ദ്രന് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കി. തുക നല്‍കുമെന്ന് അറിയിച്ചതോടെ തല്‍ക്കാലം മോഹന ചന്ദ്രന്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

നവംബര്‍ 19നാണ് മോഹനചന്ദ്രന്‍റെ മകള്‍ ചിത്രയുടെ വിവാഹം. മാരായമുട്ടം സഹകരണ ബാങ്കില്‍ സേവിങ് അക്കൗണ്ടിലും ഫിക്സഡ് ഡെപ്പോസിറ്റിയും മോഹന ചന്ദ്രന്‍ തുക നിക്ഷേപിച്ചിരുന്നു. എന്നാല്‍, തുക പിന്‍വലിക്കാന്‍ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് മോഹന ചന്ദ്രന്‍ പറഞ്ഞു. കുറച്ചു തുക മാത്രമാണ് ബാങ്ക് നല്‍കിയത്. വിവാഹത്തിന് വലിയരീതിയിലുള്ള ചിലവ് വരുന്നതിനാല്‍ തുക നല്‍കണമെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാമെന്ന് പറഞ്ഞതല്ലാതെ യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല.വിവാഹം അടുത്തതോടെയാണ് മറ്റു മാര്‍ഗങ്ങളില്ലാതെ സമരത്തിനിറങ്ങിയതെന്നും പ്രവാസിയായിരുന്ന മോഹന ചന്ദ്രന്‍ പറഞ്ഞു. സമരം നടത്തിയതോടെയാണ് പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്നപരിഹാരമായത്. നേരത്തെ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാരായമുട്ടം സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ഭരണസമിതിയുടെ കീഴിലാണിപ്പോള്‍ ബാങ്ക്.