കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കേരള സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സ് കാര്യവട്ടം കാമ്പസിൽ ആരംഭിച്ചു. ബി.എ.ഓണേഴ്സ് (പൊളി​റ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്​റ്ററി) കോഴ്സിൽ പ്രവേശനം നേടിയ 30 വിദ്യാർത്ഥികളുമായി വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഇന്നലെ സംവദിച്ചു.

വിദ്യാർത്ഥികളിൽ ബ്രിട്ടൺ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവരുമുണ്ട്. പ്ലസ്ടുവിന് 98 ശതമാനത്തിലേറെ മാർക്കുള്ളവരാണ് പ്രവേശനം നേടിയത്. വാഴ്സിറ്രിയിലെ മുതിർന്ന പ്രൊഫസർമാരും യു.ജി.സി എമിരറ്റ്‌സ് പ്രൊഫസർമാരും വാഴ്സിറ്റിയിലെ വിരമിച്ച അദ്ധ്യാപകരുമാണ് നാലു വർഷ കോഴ്സിൽ അദ്ധ്യാപകരാവുന്നത്. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ബിരുദ കോഴ്സുകൾ നാലുവർഷമാവുകയാണ്.