കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത്ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല; പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രസിഡന്റിന്റെ പ്രതിഷേധം


കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത്
ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരില്ല; പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രസിഡന്റിന്റെ പ്രതിഷേധം


കാസർഗോഡ്: ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് താഴിട്ട് പൂട്ടി പ്രതിഷേധം. കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പഞ്ചായത്ത് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റാണ് ഓഫീസ് പൂട്ടി പ്രതിഷേധിച്ചത്.

ജീവനക്കാരുടെ ഒഴിവ് നികത്തണമെന്നാവശ്യപെട്ട് പഞ്ചായത്ത് പ്രസിഡൻറ് ബി. ശാന്തയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഓഫീസ് താഴിട്ട് പൂട്ടുകയായിരുന്നു. അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാല് ഒഴിവുകളാണ് പഞ്ചായത്തിൽ ഉള്ളത്. ഇതുമൂലം 300 ലധികം പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നതെന്നും പരാതിയുണ്ട്.

യുഡിഎഫ് , ബിജെപി അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നിലവിൽ യു.ഡി.എഫിനാണ് പഞ്ചായത്ത് ഭരണം. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ഭരണസമിതിയുടെയും ബിജെപി അംഗങ്ങളുടെയും തീരുമാനം.

ജില്ലയിൽ മറ്റ് പഞ്ചായത്ത് ഓഫീസുകളിലും സമാനമായ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും പരാതിയുണ്ട്. മംഗൽപാടി പഞ്ചായത്തിലും ബിജെപി അംഗങ്ങളുടെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി പ്രതിഷേധ സമരം നടത്തിയിരുന്നു.