ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്‌സവം ശുചിത്വ പരിപാലനത്തിൽ കർമ്മ നിരതരായി ഹരിത കർമ്മ സേന

ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്‌സവം 
ശുചിത്വ പരിപാലനത്തിൽ കർമ്മ നിരതരായി ഹരിത കർമ്മ സേന


ഇരിട്ടി: ഇരിട്ടി ഉപജില്ലാ സ്‌കൂൾ ക്ളോത്സവ നഗരിയിൽ ശുചിത്വം കാത്തുസൂക്ഷിക്കാൻ സദാ സമയവും കർമ്മ നിരതരാവുകയാണ്  പായം ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മസേന. ഒരു കടലാസ് തുണ്ടു പോലും പരിസരത്ത്  എവിടെയെങ്കിലും വീണാൽ ഉടനെ ഇവർ എത്തും. അത് ശേഖരിച്ച് ഉടനെ തെങ്ങോലകൊണ്ട് നിർമിച്ച കുട്ടയിൽ നിക്ഷേപിക്കും. ശരിക്കും ഇവിടെ എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും , അവരുടെ രക്ഷിതാക്കൾക്കും , അധ്യാപകർക്കും മറ്റും നല്ലൊരു ശുചിത്വ പാഠം നൽകുകയാണ് പായം ഹരിതകർമ്മ സേന. 
സിക്രട്ടറി വിജിനയുടെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പുകളായി 36 പേരാണ്  ഇവിടത്തെ ശുചിത്വവും കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്നത്. നഗരിയിൽ കാണുന്ന എല്ലാ ജൈവ - അജൈവ മാലിന്യങ്ങളും ശേഖരിക്കുകയും അവ പ്രത്യേകം വേർതിരിച്ച് അതാതിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും. ഒടുവിൽ പഞ്ചായത്തിന്റെ പെരിങ്കരിയിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ച് സംസ്കരിക്കുകയും ചെയ്യുന്നു. 
കുന്നോത്ത് സെന്റ് ജോസഫ് ഹയർസെക്കണ്ടറി സ്‌കൂളിലാണ് ഇത്തവണത്തെ ഇരിട്ടി ഉപജില്ലാ സ്‌കൂൾ കലോത്സവം നടന്നു വരുന്നത്.  30 ന് തുടങ്ങിയ കലോത്സവം നാലാം ദിവസമായ ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും. പിഴവില്ലാത്ത സംഘടനമാണ് ഇതുവരെ സംഘാടകർ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത്തരം കലോത്സവങ്ങളിൽ സാധാരണ ഉയർന്നു കേൾക്കാറുള്ള അപശബ്ദങ്ങളൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതും എടുത്തു പറയേണ്ടതാണ്. ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്‌ഘാടനം ചെയ്യും. ഇരിട്ടി ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കെ. വേലായുധൻ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വിതരണം ചെയ്യും.