മലപ്പുറം: ക്ലാസിലെ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി. മലപ്പുറം ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടിയോട് സംസാരിക്കുന്നതിന്‍റെ ചിത്രം പകര്‍ത്തിയശേഷമായിരുന്നു അധ്യാപന്‍റെ മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ ഒഴുകൂർ ക്രസന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ സുബൈര്‍ എന്ന അധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി.
മര്‍ദ്ദനത്തെതുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മകന്‍റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് ഒരു കാരണവുമില്ലാതെ മര്‍ദ്ദിച്ചതെന്ന് മാതാവ് പറഞ്ഞു. ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ഒന്നിച്ച് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്തശേഷം ക്ലാസില്‍ മറ്റുകുട്ടികളുടെ മുന്നില്‍വെച്ച് മോശമായി സംസാരിച്ചുകൊണ്ട് മകനെ വടികൊണ്ട് അധ്യാപകന്‍ പലതവണയായി തല്ലിയതെന്ന് മാതാവ് പറഞ്ഞു. മര്‍ദനത്തില്‍ മകന്‍റെ തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റുവെന്നും അവര്‍ പറഞ്ഞു. അതേസമയം, സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അധ്യാപകനില്‍നിന്ന് വിശദീകരണം തേടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.