കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. തുടക്കത്തില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാല്‍ ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകര്‍ന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ചേര്‍ന്ന് ഓസീസിനെ വിജയവര കടത്തി.
തുടക്കത്തില്‍ തകര്‍ത്തടിച്ച് 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 47.2 ഓവറില്‍ 215-7.
വെടിക്കെട്ട് തുടക്കം
ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയാല്‍ പാടുപെടുമെന്ന് തിരിച്ചറിഞ്ഞ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും തകര്‍ത്തടിച്ചാണ് തുടങ്ങിയത്.ആദ്യ ആറോവറില്‍ 60 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 18 പന്തില്‍ 29 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ എയ്ഡന്‍ മാര്‍ക്രം ബൗള്‍ഡാക്കിയതിന് പിന്നാലെ മിച്ചല്‍ മാര്‍ഷിനെ റബാഡ പൂജ്യത്തിന് പുറത്താക്കിയതോടെ ഓസീസ് ഞെട്ടി.
എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിച്ച ഹെഡിനെ ക്യാച്ചുകള്‍ കൈവിട്ട് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാരും തുണച്ചു. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹെഡിനെ ഒടുവില്‍ കേശവ് മഹാരാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ദക്ഷിണാഫ്രിക്കക്ക് ശ്വാസം നേരെ വീണത്. അപ്പോഴേക്കും ഓസീസ് 107ല്‍ എത്തിയിരുന്നു.
മാര്‍നസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ഓസീസിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സ്പിന്നര്‍മാര്‍ക്കെതിരെ ഇരുവരും പതറി. ഒടുവില്‍ ലാബുഷെയ്നിനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഷംസി പിന്നാലെ മാക്സ്‌വെല്ലിനെ(1) കൂടി ബൗള്‍ഡാക്കി ഓസീസിനെ പ്രതിരോധത്തിലാക്കി. സ്മിത്തും ഇംഗ്ലിസും ചേര്‍ന്നതോടെ ഓസീസ് വിജയത്തിലേക്ക് പതുക്കെ മുന്നേറി. ഇരുവരും ചേര്‍ന്ന് 37 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ 174ല്‍ എത്തിച്ചു.
30 റണ്‍സെടുത്ത സ്മിത്തിനെ കോയെറ്റ്സിയുടെ പന്തില്‍ ഡി കോക്ക് പിടികൂടി. പിന്നീടെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലിസിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലിസിനെ(28) ബൗള്‍ഡാക്കി കോയേറ്റ്സി ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കും(16*), പാറ്റ് കമിന്‍സും(14*) ചേര്‍ന്ന് ഓസ്ട്രേലിയയെ എട്ടാം ഫൈനലിലേക്ക് നയിച്ചു.ദക്ഷിണാഫ്രിക്കക്കായി കോയെറ്റ്സിയും ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്. 24-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തി മില്ലര്‍ 101 റണ്‍സടിച്ചപ്പോള്‍ 47 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രാവിസ് ഹെഡും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.