മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ ബന്ധുക്കൾ ഉച്ചത്തിൽ കരഞ്ഞു; ശബ്ദ്‌ദം കേട്ട് മരിച്ച യുവാവ് എഴുന്നേറ്റു വന്നു
ചെന്നൈ: 'മൃതദേഹം' പൊതുദർശനത്തിന് വെക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ 'മരിച്ച' യുവാവ് കണ്ണു തുറന്നു. തിരുച്ചിറപ്പള്ളി മണപ്പാറയ്ക്കുസമീപം പൊന്നപ്പട്ടിയിലുള്ള ആണ്ടിനായ്ക്കർ(23)ക്കാണ് മരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ 'പുനർജന്മം' ലഭിച്ചത്. യുവാവ് മരിച്ചെന്നുകരുതി സംസ്കരിക്കാൻ ഒരുങ്ങുന്നതിനിടെ ബന്ധുക്കൾ ഉച്ചത്തിൽ കരഞ്ഞു. ഇതു കേട്ടാണ് യുവാവ് എഴുന്നേറ്റ് വന്നത്.
വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണ് ആണ്ടിനായ്ക്കർ. അവശനിലയിലായ ഇയാളെ ഏതാനും ദിവസംമുമ്ബാണ് മണപ്പാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യം വീണ്ടും മോശമായതോടെ തിരുച്ചിറപ്പള്ളിയിലുള്ള ആശുപത്രിയിലേക്ക് വിദഗ്ധചികിത്സയ്ക്ക് ശുപാർശചെയ്തു. ഇതിനായി ആംബുലൻസിൽ കയറ്റിയെങ്കിലും ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുന്നതിനുപകരം വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിച്ചശേഷം ചലനം നിലച്ചതായി കണ്ടതോടെ മരിച്ചെന്ന് കരുതുകയായിരുന്നു.
തുടർന്ന് മരണാനന്തരച്ചടങ്ങുകൾക്കായി ഒരുക്കങ്ങൾ നടത്തുമ്ബോഴാണ് കരച്ചിലും ബഹളവുംകേട്ട് ആണ്ടിനായ്ക്കർ വീണ്ടും ഉണർന്നത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ യുവാവിനെ തിരുച്ചിറപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി.