
ഗാസ: ഗാസയിൽ കരമാർവും വ്യോമമാർഗവും ശക്തമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. രാത്രി ഗാസ നഗരത്തിലെ അൽ -ഷിഫ ആശുപത്രിയുടെ കവാടത്തിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ റാഫ അതിർത്തി വഴി വിദഗ്ദ്ധ ചികിത്സയ്ക്കായി ഈജിപ്റ്റിലേക്ക് കൊണ്ടുപോകും വഴിയാണ് ആക്രമണം. സംഭവത്തിൽ അമ്പതോളം പേർ തത്ക്ഷണം മരിച്ചു. ഇന്തോനേഷ്യൻ ആശുപത്രിക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തി.
അതേസമയം ഹമാസിന്റെ കുഴിബോംബുകളും കെണികളും മറികടന്ന് പൂർണ്ണമായും ഗാസയെ വളഞ്ഞെന്ന് സൈന്യം അറിയിച്ചു. നൂറിലേറെ ഹമാസ് അംഗങ്ങളെ വധിച്ചു. ഗാസ ഇസ്രയേലിന് ശാപമായി മാറുമെന്നും സൈനികർ കറുത്ത ബാഗുകളിൽ ( മൃതദേഹങ്ങളായി ) തിരിച്ചെത്തുന്നത് അവർക്ക് കാണേണ്ടി വരുമെന്നും ഹമാസ് വെല്ലുവിളിച്ചു.അതിനിടെ, സെയ്തൂനിലും ജബലിയ അഭയാർത്ഥി ക്യാമ്പിലുമുണ്ടായ ആക്രമണങ്ങളിൽ 22 പേർ കൂടി കൊല്ലപ്പെട്ടു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുമായി ചർച്ച നടത്തി.