സിക്ക വൈറസ്: സംസ്ഥാന പകര്‍ച്ചവ്യാധി പരിശോധനാസംഘം ഇന്ന് തലശ്ശേരി കോടതി സന്ദര്‍ശിക്കും

സിക്ക വൈറസ്: സംസ്ഥാന പകര്‍ച്ചവ്യാധി പരിശോധനാസംഘം ഇന്ന് തലശ്ശേരി കോടതി സന്ദര്‍ശിക്കും




തലശ്ശേരി: തലശ്ശേരി ജില്ലാക്കോടതിയിലെ ജീവനക്കാരില്‍ എട്ടുപേര്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പകര്‍ച്ചവ്യാധി പരിശോധനാസംഘം ഇന്ന് കോടതി സന്ദര്‍ശിക്കും. ഉച്ചയോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണവും നല്‍കും. സിക്ക വൈറസ് രോഗം കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

നഗരസഭയുടെ നേതൃത്വത്തില്‍ രാവിലെ കോടതി ശുചീകരിക്കും. കോടതിവളപ്പിലെ പുതിയ കെട്ടിട നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നാണോ രോഗം പടര്‍ന്നതെന്നതും പരിശോധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കോടതിയില്‍ സാക്ഷിയായി എത്തിയവരില്‍ നിന്നാണോ എന്നതും പരിശോധിക്കും. പുതിയ കെട്ടിടനിര്‍മാണ സ്ഥലത്ത് പലയിടത്തും വെള്ളം കെട്ടിനിന്നിരുന്നു. പുതിയ കെട്ടിടത്തിനു തൊട്ടുള്ള മൂന്ന് കോടതികളിലുള്ളവര്‍ക്കാണ് ശാരീരികപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച കോടതികളിലും പുറത്തും അണുനശീകരണം നടത്തുകയും കൊതുക് സാന്ദ്രതാപഠനം നടത്തുകയും ചെയ്തു. തിരുവനന്തപുരം സംസ്ഥാന പബ്ലിക് ഹെല്‍ത്ത്ലാബില്‍ നടത്തിയ പരിശോധനയില്‍ ഏഴുപേര്‍ക്കും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് രോഗമുള്ളതായി കണ്ടെത്തിയത്. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ 100 പേരിലാണ് ശാരീരികപ്രശ്നങ്ങള്‍ കണ്ടെത്തിയത്.