വിമാനം പുറപ്പെടുന്നതിന് മുൻപ് അപസ്മാരം, എമിഗ്രേഷൻ പൂർത്തിയാക്കിയതിനാൽ മലയാളി വിമാനത്താവളത്തിൽ കുടുങ്ങിയത് ദിവസങ്ങളോളം, ഒടുവിൽ രക്ഷകരെത്തി
റിയാദ്: വിമാനം പുറപ്പെടുന്നതിന് മുൻപായി അപസ്മാര ബാധയുണ്ടായി യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലെത്തി. റിയാദ് എയർപോർട്ടിൽ ദിവസങ്ങളോളം കുടുങ്ങിയ എറണാകുളം സ്വദേശി സാജു തോമസ് (47) ആണ് സുമനസുകളുടെ സഹായത്തോടെ ഒടുവിൽ നാട്ടിലെത്തിയത്. അപസ്മാരം ബാധിച്ച് നാവ് മുറിഞ്ഞതും, ഇടക്ക് തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും കണ്ണിന് മുകളിൽ രക്തം കട്ടപിടിച്ച് കൺപോള വീർത്ത് നീലിക്കുകയും ചെയ്തതോടെയാണ് വിമാനകമ്പനികൾ അദ്ദേഹത്തെ വിമാനത്തിൽ കയറ്റാൻ തയ്യാറാകാതിരുന്നത്.
ഈ മാസം 12ന് നാട്ടിലേക്ക് പോകാൻ റിയാദ് വിമാനത്താവളത്തിൽ എത്തിയതായിരുന്നു സാജു തോമസ്. കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ടിക്കറ്റ്. എമിഗ്രേഷൻ, ബോഡിങ് നടപടികൾ പൂർത്തിയാക്കി വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചത്. ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ച സാജു അപസ്മാരത്തിനിടെ നാവ് കടിച്ചതിനെ തുടർന്ന് നാവ് മുറിഞ്ഞു. ഇതോടെ വായിൽ നിന്ന് രക്തം വരാൻ തുടങ്ങിയതോടെ ഉടൻ വിമാനത്തിൽനിന്ന് കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നൽകി. എന്നാൽ ഇതിന് ശേഷം മറ്റൊരു വിമാനത്തിൽ പുറപ്പെടാൻ ബന്ധുക്കൾ ടിക്കറ്റ് എടുത്ത് നൽകി.
എമിഗ്രേഷൻ നടപടികൾ പൂർത്തിയായതിനാൽ പുറത്തേക്ക് ഇറങ്ങാൻ നിയമം അനുവദിക്കുന്നില്ല. ഇതേത്തുടർന്നാണ് ബന്ധുക്കൾ ടിക്കറ്റ് എടുത്ത് നൽകിയത്. എന്നാൽ ഈ ടിക്കറ്റിലും യാത്ര ചെയ്യാൻ സാധിച്ചില്ല. ടിക്കറ്റുകൾ മാറിമാറിയെടുത്തെങ്കിലും ഒരു വിമാനക്കമ്പനിയും സ്വീകരിക്കാൻ തയാറായില്ല. ഇതോടെ നാല് ദിവസത്തോളം വിമാനത്താവളത്തിൽ തന്നെ കഴിയേണ്ടി വന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് എത്തിയ സാമൂഹ്യപ്രവർത്തകരാണ് ഒടുവിൽ സജു തോമസിന് സഹായമേകിയത്.
സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ട് അവരുടെ ജാമ്യത്തിൽ ആളെ പുറത്തിറക്കുകയായിരുന്നു. എമിഗ്രേഷൻ നടപടികൾ കാൻസൽ ചെയ്താണ് സാജുവിനെ ഇവർ പുറത്തിറക്കിയത്. പിന്നീട് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയും വിശദ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയിൽ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന് മനസിലായി. പിന്നീട് നാലുദിവസം അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവർ ഏറ്റെടുത്ത് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി ഇദ്ദേഹത്തെ പരിചരിച്ചു.
അസുഖമില്ലെന്ന് അറിയിച്ചതോടെ യാത്രയ്ക്ക് ഒരു സഹായിയുണ്ടെങ്കിൽ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഇതേതുടർന്ന് ശിഹാബ് കൊട്ടുകാട് കൊച്ചി വരെ ഒപ്പം പോകാൻ സന്നദ്ധനായി. തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്കൊപ്പം വിടുകയായിരുന്നു.