രാത്രി യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചാസംഘങ്ങൾ; ബെംഗളൂരുവിൽ കാറിന് മുകളിൽ പതിച്ചത് സിമന്റ് കട്ട

രാത്രി യാത്രക്കാരെ ലക്ഷ്യമിട്ട് കവർച്ചാസംഘങ്ങൾ; ബെംഗളൂരുവിൽ കാറിന് മുകളിൽ പതിച്ചത് സിമന്റ് കട്ട


രാജ്യത്തെ റോഡുകളിൽ രാത്രി യാത്രകൾ അനുവദനീയമാണെങ്കിലും അതിൽ പൂർണ സുരക്ഷ ഉറപ്പ് വരുത്താൻ ഇനിയും നമുക്കായിട്ടില്ല. പ്രത്യേകിച്ച് രാജ്യത്തെ ഉൾനാടൻ പ്രദേശങ്ങളിൽ. അതിന് ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവാവിനുണ്ടായ അനുഭവം. ആശിഷ് ബൻസാൽ എന്ന യുവാവ് തനിയ്ക്ക് നേരെ ഉണ്ടായ ആക്രമണം തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.

ബൻസാൽ തന്റെ സുഹൃത്തിന് ഒപ്പം രാത്രി വീട്ടിലേക്ക് പോകും വഴിയിലാണ് ആക്രമിയ്ക്കപ്പെട്ടത്. ബെന്നർഘട്ട റോഡിനെയും ഹോസുർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന എൻഐഎസ്ഇ റോഡിൽ വച്ചാണ് സംഭവം. വീട്ടിലേക്ക് കാറിൽ പോകുകയായിരുന്ന ഇരുവർക്കും നേരെ ഒരു സിമന്റ് കട്ട വന്ന് വീഴുകയായിരുന്നു എന്ന് ഇവർ പറയുന്നു. സിമന്റ് കട്ട വണ്ടിയുടെ ചില്ലിൽ നേരിട്ട് വന്നു വീഴാഞ്ഞതുകൊണ്ട് ചെറിയ പരിക്കുകളോടെ തങ്ങൾ രക്ഷപെട്ടെന്നും ബൻസാൽ പറയുന്നു.

Also Read- സെഡാനിൽ സ്റ്റൈലായെത്തി, യുവതികള്‍ ചെടിച്ചട്ടികള്‍ മോഷ്ടിച്ച് കടന്നു; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

“ഞാൻ വണ്ടി നിർത്തിയില്ല, സാധാരണ ഗതിയിൽ ഇങ്ങനെ പെട്ടെന്ന് ഒരു ആക്രമണം ഉണ്ടാകുമ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയാനായി ആളുകൾ വണ്ടി നിർത്തും, ഈ സമയത്ത് ഒളിച്ചിരിക്കുന്ന അക്രമികൾ പുറത്ത് വരികയും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും, ഞങ്ങളുടെ വണ്ടിക്ക് നേരെ ആക്രമണം ഉണ്ടാകുന്നതിനു മുമ്പ് റോഡിൽ ഒരു സിമന്റ് കട്ട പൊട്ടി കിടക്കുന്നത് ഞാൻ കണ്ടിരുന്നു, മറ്റേതെങ്കിലും യാത്രക്കാരെ ഇതുപോലെ ആക്രമിച്ചതാകാം. സിമന്റ് കട്ട വണ്ടിയുടെ വൈപ്പറിൽ തട്ടി പോയതുകൊണ്ടാണ് കൂടുതൽ അപകടം സംഭവിക്കാതിരുന്നത്. ഈ റോഡ് യാത്രക്കാർക്കായി തുറന്നു കൊടുത്ത കാലം മുതൽ ഞാൻ ഇതുവഴി സഞ്ചരിക്കാറുണ്ട്. ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും” – ആശിഷ് ബൻസാൽ പറഞ്ഞു.

തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച ഈ വിഷയത്തിലേക്ക് ബാംഗ്ലൂർ കമ്മീഷണർ ബി ദയാനന്ദയുടെ ശ്രദ്ധ ക്ഷണിച്ച ബൻസാൽ ഭാവിയിൽ ഇങ്ങനെ ഉള്ള അപകടങ്ങൾ യാത്രക്കാർക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ബൻസാലിന്റെ ഈ വെളിപ്പെടുത്താൽ സമീപ പ്രദേശങ്ങളിലെ ജനങ്ങളിലും ഭയം സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ ഇടപെട്ട് ബെംഗളൂരുവിലെ ബിജെപി എം പി തേജവസി സൂര്യ, സ്ഥലത്ത് പോലീസിന്റെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്ന് ആവശ്യപ്പെട്ടു. ബൻസാലിന്റെ പരിക്കുകളിൽ നിന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞ എം പി അദ്ദേഹത്തിന്റെ സുഹൃത്തിന് ഇത്തരത്തിൽ ഉണ്ടായ ഒരു അനുഭവവും പങ്കുവച്ചു.

എക്സ് യൂസറായ ശ്രീജൻ ഷെട്ടി തന്റെ ഭാര്യക്ക് നേരിട്ട സമാനമായ ഒരു അനുഭവവും പങ്കുവച്ചു. സർജാപൂരിൽ വച്ച് തന്റെ ഭാര്യയുടെ കാറിനെ ഒരു കൂട്ടം ആളുകൾ പിന്തുടർന്നു എന്നും വണ്ടി ഒതുക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും, അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അതിൽ നിന്നും രക്ഷപെടുകയായിരുന്നു എന്നും ഷെട്ടി എക്‌സിൽ കുറിച്ചു.