നാല് പതിറ്റാണ്ട് മുൻപത്തെ ഫുട്‍ബോൾ ഓർമ്മകളുമായി ഇരിട്ടിയിൽ ഒരു അപൂർവ കൂട്ടായ്മ

നാല് പതിറ്റാണ്ട് മുൻപത്തെ  ഫുട്‍ബോൾ ഓർമ്മകളുമായി ഇരിട്ടിയിൽ ഒരു അപൂർവ കൂട്ടായ്മ


ഇരിട്ടി: നാല്  പതിറ്റാണ്ട് മുൻപ് എൺപതുകളിൽ കണ്ണൂരിന്റെ ഫുടബോൾ മൈതാനങ്ങളിൽ കാൽപ്പന്തുകളിയിലൂടെ വിജയാരവങ്ങൾ തീർത്ത ഇരിട്ടിയിലെ പഴയകാല കളിക്കാരുടെ കൂട്ടായ്മ  ഒത്തുചേർന്നപ്പോൾ അതൊരു ചരിത്രത്തിന്റെ അപൂർവമായ സംഗമമായി മാറി. ഇരിട്ടിയിൽ എൺപതിന്റെ തുടക്കത്തിൽ പിറവിയെടുത്ത സൺ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബിലെ അമരക്കാരും അംഗങ്ങളുമാണ് പയഞ്ചേരി ഇരിട്ടി ഹൌസ് ബിൽഡിങ്ങ് കോ. ഓപ്പ. സൊസൈറ്റിയിൽ ഒത്തുചേർന്നത്. ബാല്യവും  യുവത്വവും  കയ്യൊഴിഞ്ഞ് വാർദ്ധക്യത്തിലേക്ക് കടന്നവർ ഒന്നൊന്നായി തങ്ങളുടെ പഴയകാല  ഓർമ്മകൾ കൂട്ടായ്മയിൽ പങ്കുവെച്ചു. 
1970 കളിൽ മാടത്തിയിൽ പ്രദേശത്തെ ഏതാനും യുവാക്കൾ ചേർന്ന് രൂപീകരിച്ച  ബ്ലൂ സ്റ്റാർ എന്ന ക്ലബിൽ നിന്നായിരുന്നു മേഖലയിലെ ഫുട്‍ബോൾ കളിയുടെ  തുടക്കം. മാടത്തിയിലെ റിട്ട. കായികാധ്യാപകൻ നാഗേഷിന്റെ പിതാവ്  പരേതനായ  പത്മനാഭൻ മാസ്റ്റർ തന്റെ അധീനതയിലുള്ള കൃഷിസ്ഥലത്തിൽ നിന്നും ഫൂട്ട്ബോൾ കളിക്കായി ഒഴിച്ചിട്ട വയലിലായിരുന്നു കളി ആരംഭിച്ചത്. എൺപതിന്റെ  തുടക്കത്തിൽ ഇരിട്ടി നേരമ്പോക്കിൽ ബ്ലൂ സ്റ്റാറിലെ അംഗങ്ങളും ഇരിട്ടി മേഖലയിലെ കളിക്കാരും ചേർന്ന്  രൂപംകൊടുത്ത സൺ  ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്  പിന്നീട് ഫുട്‍ബോൾ കളിയിൽ ഒരു വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാക്കി. കേരളാ പോലീസിൽ നിന്നും  ഇന്റർനാഷണൽ താരമായി മാറിയ പി.കെ. ബാലചന്ദ്രന്റെ ഉദയവും ബ്ലൂ സ്റ്റാറിലെയും സണ്ണിലേയും പരിശീലങ്ങളായിരുന്നു. മാടത്തിലും, തന്തോടും , വള്ള്യാടും ഒഴിഞ്ഞ വയലുകൾ ഇവരുടെ കളിസ്ഥലങ്ങളായി മാറി. ജില്ലയിലെ ടൂർണമെന്റുകളിൽ തീപാറുന്ന മത്സരങ്ങളുമായി വിജയക്കൊടി നാട്ടി തിരിച്ചു വരുന്ന അറിയപ്പെടുന്ന ഒരു ക്ലബ്ബായി സൺ മാറി. ഇതിൽ പരിശീലനം നേടിയ പലരും പിന്നീട് കായികാദ്ധ്യാപകരായും , പോലീസ് സേനയിലും, മറ്റു വിവിധ തൊഴിലുകളിലേക്കും മാറിയതോടെ യാണ് ക്ലബ്ബിന്റെ പ്രവർത്തനം മന്ദീഭവിക്കാൻ  ഇടയാക്കിയത്.  

അണ്ടർ ദി സൺ ഫുട്‍ബോൾ ലവേഴ്‌സ് ഇരിട്ടി എന്ന പേരിൽ  നടന്ന കൂട്ടായ്മ ഇരിട്ടി സ്വദേശിയും സൺ  ആർട്സ് ആൻറ് സ്പോർട്സ് ക്ലബ് അംഗവും  മുൻ ഇന്റർനാഷണൽ ഫുട്‍ബോൾ താരവും റിട്ട. ഡി വൈ എസ് പിയുമായ പി.കെ. ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സണ്ണിന്റെ വൈസ് പ്രസിഡന്റായിരുന്ന  സുരേഷ് ചൊവ്വ അദ്ധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്  റിട്ട. പ്രിൻസിപ്പാൾ ജയപ്രകാശ്,  റിട്ട. പോലീസ് ഉദ്യോഗസ്ഥരായ സതീശൻ പുന്നാട്, എ.കെ. ശശീധരൻ (ബേബി), റിട്ട. കായികാദ്ധ്യാപകന്മാരായ, എ.കെ. വിനോദ്, നാഗേഷ്, എം. രമേശൻ, റിട്ട. പ്രഥമാധ്യാപകരായ ബാലൻ പടിയൂർ, പി.വി. അനന്തൻ , റിട്ട. വിജിലൻസ് ഓഫിസർ  പ്രേമരാജൻ മാടത്തിൽ, പി.കെ. ബാബുരാജ്, സി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സൺ ക്ലബിന്റെ മൺമറഞ്ഞുപോയ അമരക്കാരേയും താരങ്ങളെയും കൂട്ടയ്മ അനുസ്മരിച്ചു.  
കൂട്ടായ്മാ  ഭാരവാഹികൾ:  സതീശൻ പുന്നാട് (പ്രസി.), പി.കെ. ബാബുരാജ് (വൈസ്. പ്രസി.), പി.കെ. ശശിധരൻ (സിക്ര.), പ്രേമരാജൻ മാടത്തിൽ (ജോ. സിക്ര.), സി. സുരേഷ്‌കുമാർ (ഖജാൻജി), പി.കെ. ബാലചന്ദ്രൻ, ബാലകൃഷ്ണൻ മാവില, പി.വി. അനന്തൻ മാസ്റ്റർ (രക്ഷാധികാരികൾ).