ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു


ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു


പത്തനംതിട്ട: ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്.

മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷത്തിലേറെ പേരാണ് ദർശനത്തിനെത്തിയത്. ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി പ്രത്യേക സിറ്റിങ്ങ് നടത്തി. സന്നിധാനത്തെ ദര്‍ശനസമയം ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടി കൂട്ടാന്‍ കഴിയുമോ എന്ന് ചോദിച്ച കോടതി, ഇക്കാര്യം ക്ഷേത്രം തന്ത്രിയോട് ആലോചിച്ച് മറുപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. എന്നാൽ, ദര്‍ശനസമയം കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം വകുപ്പ് കോടതിയിൽ വ്യക്തമാക്കി.


നിലവില്‍ ദിവസം 17 മണിക്കൂറാണ് ശബരിമലയില്‍ നട തുറന്നിരിക്കുന്നത്. ഈ വര്‍ഷത്തെ മണ്ഡലം-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഏറ്റവും തിരക്കനുഭവപ്പെട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. ഒരുലക്ഷത്തിലധികം ഭക്തരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ശനിയാഴ്ച ഇതില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ട് സിറ്റിങ് നടത്തിയത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി കൂടുതല്‍ തിരക്കുള്ള സമയത്ത് ക്യൂ കോംപ്ലക്സ് വഴി ഭക്തരെ കടത്തിവിടണമെന്ന് കോടതിയുടെ നിര്‍ദ്ദേശം നൽകിയിരുന്നു. എന്നാല്‍, വലിയതോതിലുള്ള ഭക്തജനത്തിരക്ക് വന്നതോടെ ഇതുകൊണ്ട് മാത്രം തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്ന് മുന്‍കൂട്ടി കണ്ടാണ് കോടതി പ്രത്യേക സിറ്റിങ് നടത്തിയത്. വരുംദിവസങ്ങളിലും തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചുകൂടേയെന്നും കോടതി ചോദിച്ചു.