പാര്‍ലമെന്റ് അതിക്രമക്കേസ്: സംഭവത്തില്‍ വന്‍ ഗൂഢാലോചന, പ്രതികള്‍ ഏഴ് ദിവസം കസ്റ്റഡിയിൽ



പാര്‍ലമെന്റ് അതിക്രമക്കേസ്: സംഭവത്തില്‍ വന്‍ ഗൂഢാലോചന, പ്രതികള്‍ ഏഴ് ദിവസം കസ്റ്റഡിയിൽ

ദില്ലി: പാര്‍ലമെന്റ് അതിക്രമിച്ച് കയറിയ കേസുമായി ബന്ധപ്പെട്ട നാല് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വന്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികളെ പതിനഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നുമാണ് ദില്ലി പോലീസ് ആവശ്യപ്പെട്ടത്. ലോക്‌സഭയില്‍ നിന്ന് പിടികൂടിയ സാഗര്‍ ശര്‍മ, ഡി മനോരഞ്ചന്‍, എന്നിവരെയും പാര്‍ലമെന്റിന് പുറത്ത് അറസ്റ്റിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

പ്രതികള്‍ പ്രധാനമന്ത്രിയെ കുറ്റവാളിയെന്ന തരത്തില്‍ മുദ്രകുത്തും വിധം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നും വന്‍ ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പോലീസ് കോടതിയില്‍ വാദിച്ചു. ഷൂസിനുള്ളില്‍ വെച്ച് പ്രതികള്‍ പുകക്കുഴലുകള്‍ കടത്തിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഷൂ വാങ്ങിയത് ലക്നൗവില്‍ നിന്നും കളര്‍പ്പടക്കം വാങ്ങിയത് മുംബൈയില്‍ നിന്നുമാണ്. ഇവരുടെ പണമിടപാടിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. 'സംഭവത്തിന്റെ ലക്ഷ്യം അഭിപ്രായ പ്രകടനം നടത്തുക അല്ലെങ്കില്‍ എന്തെങ്കിലും വലിയ സംഭവം നടത്തുക എന്നത് മാത്രമായിരുന്നോ അതോ ഈ സംഭവത്തില്‍ ഏതെങ്കിലും തീവ്രവാദ സംഘടനക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം', എന്നായിരുന്നു പോലീസ് കോടതിയില്‍ വാദിച്ചത്.

അതീവ സുരക്ഷാസന്നാഹങ്ങള്‍ മറികടന്നാണ് പാര്‍ലമെന്റിന്റെ 22-ാം വാര്‍ഷികദിനത്തില്‍ പുതിയ സഭാമന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മയും മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. ഇവര്‍ മേശപ്പുറത്ത് കൂടി ചാടി മുന്നോട്ട് നീങ്ങി. സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടി. ഒരാളെ എംപിമാര്‍ പിടികൂടിയപ്പോള്‍ മറ്റൊരാളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. ഷൂവിനുള്ളില്‍ സ്‌പ്രേ ഒളിപ്പിച്ചുവച്ചായിരുന്നു ഇവര്‍ നടുത്തളത്തിലേയ്ക്ക് ചാടിയത്. പ്രതിഷേധത്തിനിടെ ഷൂവെറിയാനും പ്രതിഷേധക്കാര്‍ ശ്രമിച്ചു. ഇവരില്‍ നിന്ന് നിറമുള്ള സ്പ്രേ കാന്‍ പിടികൂടി. പാസ് കിട്ടാത്തതിനെ തുടര്‍ന്ന് മറ്റ് രണ്ട് പ്രതികള്‍ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പുകബോംബ് ഉപയോഗിക്കുകയുമായിരുന്നു.

പ്രതികളുടെ മൊഴി അനുസരിച്ച് സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണം. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചത് എന്നാണ് പുലര്‍ച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങി. കേസില്‍ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കി.

പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മറ്റൊരാള്‍ ആണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് പ്രതികള്‍ ഇന്ത്യാ ഗേറ്റില്‍ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളര്‍ പടക്കം കൈമാറിയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികള്‍ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടില്‍ ഇവര്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.