ലോക്സഭയില്‍ സുരക്ഷാവീഴ്ച: ഒരു സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍, പാസ് ബിജെപി എംപി നല്‍കിയത്

ലോക്സഭയില്‍ സുരക്ഷാവീഴ്ച: ഒരു സ്ത്രീയടക്കം നാലുപേര്‍ പിടിയില്‍, പാസ് ബിജെപി എംപി നല്‍കിയത്


പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ ലോക്സഭയില്‍ സുരക്ഷാവീഴ്ച. തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ് ലോക്സഭയില്‍ നടന്നതെന്നാണ് വിലയിരുത്തല്‍. ബിജെപി എംപിയുടെ പാസില്‍ പാര്‍ലമെന്റിനകത്തുകയറിയവരാണ് അതിക്രമം കാട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലു പേരാണ് പിടിയിലായിട്ടുള്ളത്. സഭയ്ക്ക് അകത്ത് അതിക്രമം കാണിച്ച രണ്ടു പേരും പുറത്ത് അതിക്രമം കാട്ടിയ രണ്ടുപേരുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ഏകാധിപത്യം നടക്കില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇവര്‍ അതിക്രമം നടത്തിയത്. മഞ്ഞ നിറമുള്ള പുക വരുന്ന വസ്തു ഇവരുടെ പക്കലുണ്ടായിരുന്നു. അക്രമികളില്‍ നിന്നും സ്‌മോക് സ്‌പ്രേയാണ് പിടിച്ചെടുത്തത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയില്‍ ഉണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്തവരെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. താനാ ശാഹി നഹി ചലേഗി എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. അമോല്‍ ഷിന്‍ഡേ നീലം കൗര്‍ എന്നിവരാണ് പിടിയിലായ രണ്ടുപേര്‍.

മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഗയുടെ പാസിലാണ് ഇവര്‍ പാര്‍ലമെന്റിനകത്തു കടന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. മൂന്നു പേരെ പിടികൂടിയത് എംപിമാരാണ്. ജയ് ഭീം മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി. സന്ദര്‍ശക ഗാലറിയില്‍ നിന്നും പുറത്തുചാടിയ രണ്ടുപേര്‍ പാര്‍ലമെന്റിനകത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. തൊഴിലില്ലായ്മക്കെതിരെയാണ് പ്രതിഷേധിച്ചതെന്ന് പിടിയിലായ നീലം പറഞ്ഞു.

അതീവ സുരക്ഷയുള്ള പാര്‍ലമെന്റ് വളപ്പിനകത്ത് എങ്ങനെ ഇവര്‍ പ്രവേശിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ശൂന്യവേളക്കിടെയാണ് പ്രതിഷേധിച്ചത്. ഭാരത് മാതാ കീ ജയ് എന്നും വിളിച്ചു. മുന്നറിയിപ്പ് നിലനില്‍ക്കെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.