തിരുവനന്തപുരത്ത് അയ്യപ്പ ഭക്തരുടെ നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞ് കയറി; രാവിലെ നടക്കാനിറങ്ങിയ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് അയ്യപ്പ ഭക്തരുടെ നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞ് കയറി; രാവിലെ നടക്കാനിറങ്ങിയ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം


തിരുവനന്തപുരം:  രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് അയ്യപ്പ ഭക്തരുടെ നിയന്ത്രണം തെറ്റിയ കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പേരൂര്‍ക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളും സുഹൃത്തുകളുമായ ബേകറി കട ഉടമ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് പ്രഭാതസവാരിക്ക് ഇറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. വാഹനത്തില്‍ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണെന്നാണ് വിവരം. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലാക്കി.

എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണ് ഹരിദാസനും വിജയനും പരുക്കേറ്റ് കിടക്കുന്ന കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് കുഴിയില്‍ രണ്ട് പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. രണ്ട് പേരും ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണമടഞ്ഞു.