മിഷോങ് ചുഴലിക്കാറ്റ് തീരത്ത്; മഴയില്‍ മുങ്ങി ചെന്നൈ, പിന്നാലെ റോഡില്‍ മുതലയും

മിഷോങ് ചുഴലിക്കാറ്റ് തീരത്ത്; മഴയില്‍ മുങ്ങി ചെന്നൈ, പിന്നാലെ റോഡില്‍ മുതലയുംചെന്നൈ: ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വന്‍നാശനഷ്ടം. രാത്രി പെയ്ത മഴയില്‍ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന​ഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക്‌ മാത്രമാണ് ആളുകള്‍ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കെെമാറിയിട്ടുണ്ട്. അതിനിടെ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിയാത്രക്കാരാണ് മുതലയെ കണ്ടത്. വിവരം പോലീസില്‍ അറിയിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കരയിൽ കടക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർവരെ വേഗമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിനും നാലിനുമിടയിൽ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്ചിലപട്ടിനത്തിനും ഇടയിൽ കരതൊടും.