കണ്ണൂർ വിമാനത്താവളം ആറാം വയസ്സിലേക്ക്

കണ്ണൂർ വിമാനത്താവളം ആറാം വയസ്സിലേക്ക്


മട്ടന്നൂർ : പ്രവർത്തനം തുടങ്ങി അഞ്ച് വർഷം തികയുമ്പോഴും പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. 2018 ഡിസംബർ ഒൻപതിനാണ് ഉദ്ഘാടനം ചെയ്തത്.

വിദേശ കമ്പനികളുടെ സർവീസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര അവഗണനയും തുടരുന്നു. ഈ പ്രതിസന്ധിക്ക് ഇടയിലാണ് ഈ വർഷം മേയിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ അവസാനിപ്പിച്ചത്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിലും വരുമാനത്തിലും വലിയ കുറവാണ് ഇതുവഴി ഉണ്ടായത്.

ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് സർവീസ് നടത്തുന്നത്. എയർഇന്ത്യ എക്സ്പ്രസ് എയർ ഏഷ്യയുമായി ലയിക്കുകയും കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നത് കണ്ണൂരിനും പ്രതീക്ഷ പകരുന്നുണ്ട്. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിൽ സർവീസുകൾ തുടങ്ങുന്ന കാര്യം കമ്പനിയുടെ പരിഗണനയിലുണ്ട്.

വിമാനത്താവളം അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ ശുഭപ്രതീക്ഷയാണ് ഉള്ളത്. എയർഇന്ത്യ എക്സ്പ്രസിന്റേത് ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉടൻ തുടങ്ങും. കമ്പനികളുമായി ‘കിയാൽ’ നിരന്തരം ചർച്ച നടത്തുന്നുണ്ട്. യാത്രക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന തരത്തിൽ വിമാനത്താവളം ഉയരും. പ്രതിസന്ധികളെ മറികടന്ന് വളരാൻ കഴിയുമെന്നാണ് പ്രതീക്ഷ.